'നിരോധനമെന്നത് ഫലവത്തായ നടപടിയല്ല, ഭൂരിപക്ഷ ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാ വർഗീയ ശക്തികളെയും ശിക്ഷിക്കണം'; പിഎഫ്ഐ നിരോധനത്തിൽ പ്രതികരണവുമായി സിപിഎം

Wednesday 28 September 2022 6:56 PM IST

രാജ്യവ്യാപകമായി നടന്ന റെയ്‌ഡിനും അറസ്‌റ്റിനും ശേഷം പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും കേന്ദ്ര സർക്കാർ നിരോധിച്ചത് ഇന്നാണ്. ബിജെപി, മുസ്ളീം ലീഗ് തുടങ്ങി വിവിധ രാഷ്‌ട്രീയ പാർട്ടികൾ നിരോധനത്തെ സ്വാഗതം ചെയ്‌തിരുന്നു. അതേസമയം നിരോധനം എന്നത് ഫലപ്രദമായ ഒരു നടപടിയല്ലെന്ന് സിപിഎം പോളിറ്ര്‌ബ്യൂറോ പ്രസ്‌താവനയിലൂടെ പ്രതികരിച്ചു. ആർഎസ്‌എസിന്റെയും മാവോയിസ്‌റ്റുകളുടെയും കാര്യമെടുത്താൽ ഇക്കാര്യം വ്യക്തമാകുമെന്നും സിപിഎം അറിയിച്ചു.

യുഎപിഎ പ്രകാരം ഒരു നിയമവിരുദ്ധ സംഘടനയായി പിഎഫ്‌ഐയെ പ്രഖ്യാപിക്കുന്നത് ഈ പ്രശ്‌നത്തിന് പോംവഴിയല്ല. പിഎഫ്‌ഐയ്‌‌ക്കെതിരെ നിലവിലെ നിയമപ്രകാരം കർശനമായ നടപടിയെടുക്കണം. ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലാതെ വർഗീയ ശക്തികളെയെല്ലാം രാജ്യത്തിന്റെ നിയമവ്യവസ്ഥനുസരിച്ച് മാതൃകാപരമായി ശിക്ഷിക്കണമെന്നും സിപിഎം പോളിറ്ര്‌ബ്യൂറോ ആവശ്യപ്പെടുന്നു.

സിപിഎം പോളിറ്ര്‌ബ്യൂറോയുടെ പ്രസ്‌താവനയുടെ പൂർണരൂപം ചുവടെ:

തീവ്രമായ നിലപാടുകൾ വച്ചുപുലർത്തുകയും രാഷ്ട്രീയ എതിരാളികൾക്കെതിരായി അക്രമാസക്തമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന ഒരു സംഘടനയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ). ഈ തീവ്രമായ രീതികളെ സിപിഐ എം എക്കാലത്തും ശക്തമായി എതിർക്കുകയും പിഎഫ്‌ഐയുടെ അക്രമ പ്രവർത്തനങ്ങളെ അപലപിക്കുകയും ചെയ്തിട്ടുണ്ട്.
എന്നിരുന്നാലും, യുഎപിഎ പ്രകാരം ഒരു നിയമവിരുദ്ധ സംഘടനയായി പിഎഫ്‌ഐയെ പ്രഖ്യാപിക്കുന്നത് ഈ പ്രശ്നത്തിനുള്ള പോംവഴിയല്ല. നിരോധനമെന്നത് ഫലവത്തായ ഒരു നടപടിയല്ല എന്നത് ആർഎസ്എസിന്റെയും മാവോയിസ്റ്റുകാരുടെയും കാര്യമെടുത്താൽത്തന്നെ വ്യക്തമാകുന്നതാണ്. നിയമവിരുദ്ധമോ അക്രമാസക്തമോ ആയ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴെല്ലാം പിഎഫ്‌ഐക്കെതിരെ നിലവിലുള്ള നിയമങ്ങൾ പ്രകാരം കർശനമായ നടപടിയുണ്ടാകണം. വിഭാഗീയതയുടെയും ഭിന്നിപ്പിന്റെയും പ്രത്യേയശാസ്ത്രം കൈമുതലായുള്ള പോപ്പുലർ ഫ്രണ്ടിനെ തുറന്നുകാട്ടുകയും രാഷ്ട്രീയമായി എതിർക്കുകയും വേണം.
വർഗീയ ധ്രുവീകരണം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പിഎഫ്‌ഐയും ആർഎസ്എസും കേരളത്തിലും കർണാടകത്തിലുമായി കൊലപാതകങ്ങളിലും അതിന്റെ പ്രതികാരങ്ങളിലും ഏർപ്പെട്ടിരിക്കുകയാണ്. സനാതൻ സൻസ്ത, ഹിന്ദു ജനജാഗ്രതി സമിതി തുടങ്ങിയ തീവ്രവാദ സംഘടനകളിൽ അംഗമായുള്ളവരും ഒട്ടനവധി മതേതരവാദികളുടെയും എഴുത്തുകാരുടെയും അരുംകൊലകൾക്ക് പിന്നിലുണ്ട്.
ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലാതെ ഇത്തരത്തിലുള്ള വർഗീയ ശക്തികളെയെല്ലാം തന്നെ രാജ്യത്തിന്റെ നിയമവ്യവസ്ഥയ്ക്കനുസരിച്ച് മാതൃകാപരമായി ശിക്ഷിക്കണം. ഇത്തരം വർഗീയ ശക്തികളെ പ്രതിരോധിച്ചുകൊണ്ട് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മതനിരപേക്ഷജനാധിപത്യ സ്വഭാവം നിലനിർത്തുക എന്നതായിരിക്കണം ഭരണഘടന ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞയെടുത്തുകൊണ്ട് അധികാരത്തിലേറിയവരുടെ പ്രധാന കടമ.
സിപിഐ എം പോളിറ്റ് ബ്യൂറോ

Advertisement
Advertisement