സമരം ചെയ്‌താൽ ശമ്പളമില്ലെന്ന് കെഎസ്‌ആർടിസി മാനേജ്‌മെന്റ്; പങ്കെടുക്കുന്നവർക്ക് ഡയസ്‌നോൺ ബാധകം

Wednesday 28 September 2022 9:26 PM IST

തിരുവനന്തപുരം: കെഎസ്‌ആർ‌ടി‌സിയിൽ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിനെതിരെ ഒക്‌ടോബർ ഒന്നിന് ടിഡിഎഫ് പ്രഖ്യാപിച്ച സമരത്തിനെതിരെ കടുത്ത നടപടിയുമായി മാനേജ്‌മെന്റ്. സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്‌നോം ബാധകമാക്കും. സമരത്തിൽ പങ്കെടുക്കുന്ന ഒരുജീവനക്കാരനും സെപ്‌തംബർ മാസത്തെ ശമ്പളം തരില്ലെന്നാണ് മുന്നറിയിപ്പ്. പുതിയ ഡ്യൂട്ടി സമ്പ്രദായത്തിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ ആറ് മാസത്തിനകം വേണ്ട മാറ്റങ്ങൾ വരുത്താമെന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തി ഉറപ്പിച്ച ശേഷം പുറത്തിറങ്ങി സമരം പ്രഖ്യാപിക്കുന്നത് ആത്മാ‌ർത്ഥമായി ജോലിനോക്കുന്നവരോട് വെല്ലുവിളിക്കുന്ന നടപടിയാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

ജീവനക്കാരോടും ബസ് യാത്രക്കാരോടുമുള‌ള വെല്ലുവിളിയാണിത്. അടുത്തമാസം അഞ്ചിന് മുൻപ് തന്നെ ശമ്പളം തരാൻ മാനേജ്മെന്റ് ശ്രമിക്കുകയാണെന്നും ഓണം അവധികഴിഞ്ഞുള‌ള ആദ്യ പ്രവർത്തി ദിവസം 8.4 കോടി രൂപ കളക്ഷൻ നേടാനായത് തൊഴിലാളികളുടെ ഒറ്റക്കെട്ടായ പ്രവർത്തന ഫലമായാണെന്നും മാനേജ്‌മെന്റ് ഓർമ്മിപ്പിക്കുന്നു.