സഞ്ചാരികളെ മാടിവിളിച്ച് പ്രമാടം നെടുംപാറ
പ്രമാടം : നയനമനോഹര വിരുന്നൊരുക്കി വിനോദ സഞ്ചാരികളെ മാടിവിളിക്കുകയാണ് പ്രമാടം നെടുംപാറ. കോന്നി മാതൃകാ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി വികസിച്ചുകൊണ്ടിരിക്കുന്ന വി.കോട്ടയം നെടുംപാറയിൽ സഞ്ചാരികൾ കൂട്ടത്തോടെയാണ് ഇപ്പോൾ എത്തുന്നത്.
പാറയുടെ മുകൾ പരപ്പിൽ ഏക്കറ് കണക്കിന് വിസ്തൃതമായ സ്ഥലമാണുള്ളത്. മലമുകളിൽ എത്തുമ്പോഴുള്ള കുളിർകാറ്റും വിസ്തൃതമായ നടപ്പാതകളും മുകളിൽ നിന്ന് നോക്കിയാൽ കാണാവുന്ന നോക്കത്താ ദൂരത്തെ വേറിട്ട കാഴ്ചകളുമൊക്കയാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. പാറയുടെ മുകളിൽ നിന്നാൽ പത്തനംതിട്ട, ചന്ദനപ്പള്ളി, കല്ലേലി, തണ്ണിത്തോട്, കോന്നിയുടെ കിഴക്കൻ മലയോര മേഖലകൾ തുടങ്ങിയവ കാണാം.
മാതൃകാടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി റോക്ക് പാർക്ക് ഒരുക്കാൻ ഉദ്ദേശിക്കുന്ന സ്ഥലമാണ് നെടുംപാറ. കല്ലിൽ തീർത്ത ആനയുടെ ശില്പത്തിനുള്ളിലൂടെയായിരിക്കും പാർക്കിലേക്കുള്ള പാത. രണ്ട് പാറകളെ ബന്ധിപ്പിക്കുന്ന തൂക്കുപാലം, കല്ലിന്റെ ബോർഡിൽ കുട്ടികൾക്ക് ചോക്ക്, പെയിന്റ് എന്നിവ ഉപയോഗിച്ച് രചനകൾ നടത്താനുള്ള സൗകര്യം, ശില്പങ്ങൾ കൊത്തി വിൽപന, ആർട്ട് ഗാലറി, പ്രകൃതിയോടിണങ്ങി കുട്ടികൾക്ക് മണ്ണിൽ കളിയ്ക്കാനുള്ള സൗകര്യം എന്നിവയാണ് നെടുംപാറ മലയിയിലെ പദ്ധതികൾ.