നാഗപ്പാറയിൽ പോകാം, പൂമ്പാറ്റകളെ കാണാം
മല്ലപ്പള്ളി : കോട്ടാങ്ങൽ, കൊറ്റനാട് പഞ്ചായത്തുകൾ അതിര് പങ്കിടുന്ന കാടിനുള്ളിലെ പരപ്പാർന്നൊരു പാറക്കെട്ട്, അതാണ് നാഗപ്പാറ. പെരുമ്പെട്ടി വില്ലേജിൽ വലിയകാവ് വനത്തിൽ ഉൾപ്പെട്ട പ്രദേശം. പാറക്കെട്ടിലൂടെ പാഞ്ഞിറങ്ങുന്ന കാട്ടുചോലയുടെ ഒച്ച, കാതൊന്നു വട്ടംപിടിച്ചാൽ കാട്ടുകിളികളുടെ പാട്ടുകൾ. ഈർപ്പം കിനിയുന്ന പാറപ്പുറത്ത് നാനാതരം ചെടികൾ, അവയിലെ പൂക്കൾ. പൂക്കൾക്ക് ചുറ്റും വട്ടമിടുന്ന പൂമ്പാറ്റകൾ. പൂമ്പാറ്റകളുടെ സാന്നിദ്ധ്യം നാഗപ്പാറയെ ശലഭോദ്യാനമാക്കുന്നു.
പാറക്കെട്ട് ഇറങ്ങിയാൽ നിഗൂഢമായ ഗുഹകളും പ്രകൃതി നടത്തിയ നാനാവിധ കൊത്തുപണികളും കാണാം. താഴ്‌വാരത്തിൽ കൊടുംകാടാണ്. ഗ്രാമത്തിൽ നിന്ന് അധികം അകലെയല്ലാതെ സുരക്ഷിതമായി പ്രകൃതിയുടെ മനോഹാരിതയിൽ അലിയാൻ അവസരം നൽകുന്ന നാഗപ്പാറയ്ക്ക് വിപുലമായ വിനോദസഞ്ചാര സാദ്ധ്യതകളുണ്ട്.
ചുങ്കപ്പാറ – ചാലാപ്പള്ളി റോഡിൽ മാരംകുളത്തുനിന്ന് നിർമലപുരം ഭാഗത്തേക്ക് രണ്ടുകിലോമീറ്റർ സഞ്ചരിച്ച് നാഗപ്പാറയിൽ എത്താം.
100 മീറ്റർ അകലെ വനാതിർത്തിയിൽവരെ വാഹനത്തിൽ സഞ്ചരിക്കാനാകും.