പനംകുടന്തയരുവി, ആകാശഗംഗ പോലെ...

Thursday 29 September 2022 12:58 AM IST
പനംകുടന്ത അരുവി

റാന്നി : ആകാശത്ത് പാൽക്കുടം തട്ടിമറിഞ്ഞതുപോലെ പതിനൊന്ന് തട്ടുകളിലായി ചിന്നിച്ചിതറുന്ന പനംകുടന്ത വെള്ളച്ചാട്ടം ഭൂമിക്ക് വിസ്മയമാണ്. അരുവിയുടെ ആരംഭസ്ഥാനം കാണാൻ പോകുന്ന സഞ്ചാരികൾക്ക് കാട്ടാനയുൾപ്പെടെയുള്ള വന്യമൃഗങ്ങളെയും കാണാം. വന്യമൃഗസാന്നിദ്ധ്യം ഏറെയായതിനാൽ സഞ്ചാരത്തിന് അതീവജാഗ്രത വേണം. അപൂർവമായ ഓർക്കിഡുകളും മലവാഴകളും സസ്യങ്ങളും ഔഷധ ച്ചെടികളും പനംകുടന്തയിൽ ധാരാളമുണ്ട്. മഴക്കാലത്ത് ചെങ്കുത്തായി പതിക്കുന്ന വെള്ളച്ചാട്ടത്തിലൂടെയുള്ള മത്സ്യങ്ങളുടെ യാത്ര കൗതുക കാഴ്ചയാണ്. ഏറെ അറിയപ്പെടാത്തതും വിനോദസഞ്ചാരവകുപ്പിന് അജ്ഞാതവുമാണ് ഇൗ ഭൂമിക. കുടമുരുട്ടി മുതൽ പനംകുടന്തവരെ വനത്തിലൂടെ സാഹസികയാത്ര നടത്തി പ്രകൃതി സൗന്ദര്യം കാണാനെത്തുന്നവർക്ക് ഇതേ വഴിയിലൂടെ മടങ്ങാതെ കുരുമ്പൻമൂഴിയിൽ നിന്ന് പമ്പാനദി കടന്ന് എരുമേലി വഴി തിരികെപോകാനുമാകും.

കുറ്റാലത്തിലും കൂറ്റൻ

കുരുമ്പൻമൂഴി ഗ്രാമത്തിന്റെ കിഴക്കേ അറ്റത്ത് കാടിന്റെ നടുവിലാണ് പനംകുടന്ത വെള്ളച്ചാട്ടം. ശബരിമല വനത്തിന്റെ പടിഞ്ഞാറൻ മലഞ്ചരുവിൽ ഉത്ഭവിച്ച് പമ്പാനദിയിൽ ചേരുന്ന ചെറുനദിയാണ് കുരുമ്പൻമൂഴിക്ക് സമീപം പനംകുടന്ത വെള്ളച്ചാട്ടമായി രൂപപ്പെടുന്നത്. ഒന്നര കിലോമീറ്റർ ഉയരമുള്ള വെള്ളച്ചാട്ടത്തിന്റെ ഏറ്റവും താഴെ നൂറുമീറ്റർ അകലെവരെ വാഹനമെത്തും. അവിടെ നിന്ന് വെള്ളച്ചാട്ടത്തിന്റെ ഏറ്റവും താഴത്തെത്തട്ടിൽ നടന്നെത്തുവാൻ കഴിയും.

പ്രശസ്തമായ കുറ്റാലം വെള്ളച്ചാട്ടത്തെക്കാൾ പത്തിരട്ടി വലിപ്പമുള്ളതും പതിനൊന്നു തട്ടുകളുള്ളതുമായ പനംകുടന്ത അരുവി പൂർണമായി കണ്ട് ആസ്വദിക്കണമെങ്കിൽ സാഹസിക യാത്ര നടത്തണം.

ഉയരം : 1.5 കിലോ മീറ്റർ

ജാഗ്രതവേണം

1. കാട്ടാനകളും കാട്ടുപോത്തുകളുമുള്ള പ്രദേശം.

2. അട്ടയുടെ ശല്യം രൂക്ഷം. ഉപ്പും, സാനിറ്റയിസറും കരുതണം.

പെരുന്തേനരുവി വെള്ളച്ചാട്ടവും ഡാമും കാണാൻ എത്തുന്നവർ പനംകുടന്തയിലേക്കും പോകാറുണ്ട്. ഇടത്തിക്കാവ് കുരുമ്പൻമൂഴി കോസ്‌വേ റോഡിലൂടെ 5 കിലോമീറ്റർ യാത്രയുണ്ട്. പെരുന്തേനരുവി - കുരുമ്പൻമൂഴി വനപാത നിർമ്മാണം പൂർത്തിയാകുന്നതോടെ 1.5 കിലോമീറ്റർ സഞ്ചരിച്ചാൽ പനംകുടന്തയിൽ എത്താനാകും.

Advertisement
Advertisement