എ.ബി.സി സെന്റർ എത്രയുംപെട്ടെന്ന് ആരംഭിക്കും: ജില്ലാപഞ്ചായത്ത്

Thursday 29 September 2022 12:38 AM IST
dog

കോഴിക്കോട്: തെരുവുനായശല്യം രൂക്ഷമായ സാഹചര്യത്തിൽ എ.ബി.സി സെന്റർ പ്രവർത്തനം പെട്ടെന്ന് ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ തീരുമാനമായി. തെരുവുനായകൾക്ക് അഭയകേന്ദ്രം സ്ഥാപിക്കുന്നതിന് വിഹിതം നൽകുന്നതിനും മറ്റ് എ.ബി.സി പ്രവർത്തനങ്ങൾക്കുമായി പത്തുലക്ഷം രൂപ അടങ്കലായുള്ള പുതിയ പ്രൊജക്ട് അടിയന്തിരമായി ഏറ്റെടുക്കാനും തീരുമാനിച്ചു.

ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ വിവിധ തീരുമാനങ്ങൾക്കും സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനങ്ങൾക്കും അംഗീകാരം നൽകുന്നതിനായി ജില്ലാപഞ്ചായത്ത് ഭരണസമിതി യോഗം ചേർന്നു. 2022- 23 വാർഷികപദ്ധതി സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. തൊഴിൽസഭയുമായി ബന്ധപ്പെട്ട ജില്ലാതല കൗൺസിൽ രൂപീകരിക്കുന്നതിന് തീരുമാനിച്ചു. കോഴിക്കോട് കാൻസർ കെയർ സൊസൈറ്റി ബൈലോ യോഗത്തിൽ അംഗീകരിച്ചു. ജില്ലാപഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെട്ട പ്രൊജക്ടുകളുടെ നിർവഹണ പുരോഗതിയും യോഗം വിലയിരുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ ഭരണസമിതി അംഗങ്ങൾ, സെക്രട്ടറി അഹമ്മദ് കബീർ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ബീച്ച് ആശുപത്രിയിൽ

പേവിഷ പ്രതിരോധ ക്ലിനിക്ക്

കോഴിക്കോട്: ഗവ. ബീച്ച് ജനറൽ ആശുപത്രിയിൽ പേവിഷ ബാധ പ്രതിരോധ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു. ക്ലിനിക്കിന്റെ ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഉമ്മർ ഫാറൂഖ് നിർവ്വഹിച്ചു. പേവിഷ ബാധ ഉണ്ടാക്കുന്ന മൃഗങ്ങളുടെ കടിയേറ്റവർക്കായി പ്രത്യേക പരിചരണവും ചികിത്സയും നൽകുക, സമൂഹത്തിൽ പേവിഷബാധയ്ക്കെതിരെ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക എന്നിവയാണ് പ്രതിരോധക്ലിനിക്കിന്റെ ലക്ഷ്യങ്ങൾ. ഇതിനായി പരിശീലനം ലഭിച്ച ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സേവനം ക്ലിനിക്കിൽ ലഭ്യമാക്കും.

മൃഗങ്ങളുടെ കടിയേറ്റ മുറിവുകൾ കഴുകുന്നതിനുള്ള സംവിധാനം, വാക്‌സിന്റെയും, ആന്റി റാബീസ് സിറത്തിന്റെയും ലഭ്യത, വിദഗ്ദ്ധ സേവനം വേണ്ടവർക്കായി റഫറൽ സംവിധാനം എന്നിവയാണ് ക്ലിനിക്കിൽ ലഭിക്കുക. ദേശീയ ആരോഗ്യ ദൗത്യം മുഖേനയാണ് ക്ലിനിക്ക് സജ്ജമാക്കിയിട്ടുള്ളത്.

ചടങ്ങിൽ ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ഷാജി.സി.കെ, ഗവ.ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.സച്ചിൻ ബാബു, ആർ.എം.ഒ ഡോ.ശ്രീജിത്ത്, ഡോ.മുനവർ റഹ്‌മാൻ, ലേ സെക്രട്ടറി അഗസ്റ്റിൻ.എ.വി, സ്റ്റോർ സൂപ്രണ്ട് ഗിരീഷ് കുമാർ, മേരി തോമസ്, ഹഫ്‌സബി, പി.ആർ.ഒ സോയൂസ് ജോർജ് എന്നിവർ പങ്കെടുത്തു.