പോപ്പുലർ ഫ്രണ്ട്: നിരോധനം കൊണ്ട് പരിഹാരമാവില്ല- യെച്ചൂരി

Wednesday 28 September 2022 10:54 PM IST

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് പോലുള്ള തീവ്രവാദശക്തികൾ ഉയർത്തുന്ന പ്രശ്നങ്ങൾക്ക് നിരോധനം ഒരു പരിഹാരമല്ലെന്ന് സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. തീവ്രവാദശക്തികളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. ഭരണതലത്തിൽ ശക്തമായ നടപടികൾ കൈക്കൊള്ളുകയും വേണം. അതിലൂടെയാണ് തടയിടേണ്ടത്.

സി.പി.എം എല്ലാത്തരം തീവ്രവാദപ്രവർത്തനങ്ങളെയും എതിർക്കുന്നു. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചെങ്കിൽ ആർ.എസ്.എസിനെയും നിരോധിക്കേണ്ടതല്ലേയെന്ന ചോദ്യത്തിൽ യുക്തിയുണ്ട്. എന്നാൽ നിരോധനമല്ല ഒന്നിനും പരിഹാരം.

ഗാന്ധിവധവുമായി ബന്ധപ്പെട്ടും മറ്റും ആർ.എസ്.എസിനെ മൂന്ന് തവണ നിരോധിച്ചതാണ്. എന്നിട്ടും അവരുടെ വർഗീയ ധ്രുവീകരണ നീക്കങ്ങൾക്കോ വിദ്വേഷ പ്രചാരണങ്ങൾക്കോ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾക്കോ തടയിടാനായില്ല. പോപ്പുലർ ഫ്രണ്ട് പ്രവർത്തനം അവസാനിപ്പിക്കണമെന്നു തന്നെയാണ് സി.പി.എം നിലപാട്. കേരളത്തിൽ ആർ.എസ്.എസും എസ്.ഡി.പി.ഐയുമാണ് പരസ്പരം ആളുകളെ കൊന്നൊടുക്കുന്നത്.

ബി.ജെ.പി ദേശീയ പ്രസിഡന്റ് പറഞ്ഞത് കേരളം തീവ്രവാദസംഘങ്ങളുടെ വിളനിലമാണെന്നാണ്. അതാരോപിക്കുന്നതിന് മുമ്പ് അദ്ദേഹം സ്വന്തം ആർ.എസ്.എസിനോടാണ് ആദ്യം കൊലക്കളികൾ അവസാനിപ്പിക്കാനാവശ്യപ്പെടേണ്ടത്. വർഗീയധ്രുവീകരണത്തിലേക്ക് നയിക്കുന്ന ബുൾഡോസർ രാഷ്ട്രീയം രാജ്യത്ത് അവസാനിപ്പിക്കണം.

കേരളത്തിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിലുംമറ്റും പി.എഫ്.ഐയുമായൊക്കെ സി.പി.എം മുന്നണി ബന്ധമുണ്ടാക്കുന്നുവെന്ന ആരോപണത്തെപ്പറ്റി ചോദിച്ചപ്പോൾ അത് തെളിയിച്ച് കാണിക്കൂ എന്നായിരുന്നു മറുപടി. കാടടച്ച് ആരോപണമുന്നയിച്ചിട്ട് കാര്യമില്ല.

Advertisement
Advertisement