ആർ.എസ്.എസിനെതിരെയും നടപടി വേണം: കുഞ്ഞാലിക്കുട്ടി

Thursday 29 September 2022 12:56 AM IST

മലപ്പുറം: ഒരുകൂട്ടരെ നിർബാധം വർഗീയത പ്രചരിപ്പിക്കാൻ വിടുകയും മറ്റൊരു കൂട്ടരെ നിരോധിക്കുകയും ചെയ്യുന്നത് ശരിയായ നിലപാടല്ലെന്ന് മുസ്ളിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പോപ്പുലർ ഫ്രണ്ടിന് കേരളത്തിൽ യാതൊരു സ്വീകാര്യതയുമില്ല. മുഖ്യധാരയിലുള്ള ഒരു മുസ്‌ലിം സംഘടനയും അവരെ അംഗീകരിച്ചിട്ടില്ല. ഇവരെ നഖശിഖാന്തം എതിർത്ത പാർട്ടിയാണ് ലീഗ് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വെറുപ്പിന്റെ പ്രചാരകരായ ആർ.എസ്.എസ് ഉൾപ്പെടെയുള്ള സംഘടനകളെ കേന്ദ്രം കയറൂരി വിടുന്നത് നിഷ്‌പക്ഷ നിലപാടല്ല. അന്തർദേശീയ തലത്തിൽ തന്നെ വിവാദമായ പ്രസ്താവനകൾ നടത്തുന്ന സംഘടനകൾ കേന്ദ്രഭരണത്തിന്റെ തണലിലാണ്. ഭൂരിപക്ഷ വർഗീയതയെ ഊട്ടിവളർത്തുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം സംഘടനകളെ ആശയപരമായി എതിർക്കണം. വർഗീയത പ്രചരിപ്പിക്കുന്നവർ രാജ്യത്തിന്റെ കെട്ടുറപ്പിനെയാണ് ചോദ്യം ചെയ്യുന്നത്. അതിനെതിരെ ആര് പ്രവർത്തിച്ചാലും നേരിടണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Advertisement
Advertisement