കേന്ദ്രത്തിന്റെ സൗജന്യ അരി മൂന്ന് മാസത്തേക്ക് കൂടി

Thursday 29 September 2022 1:04 AM IST

■സംസ്ഥാനത്ത് 1.54 കോടി പേർക്ക് മാസം 5 കിലോ അരി വീതം

തിരുവനന്തപുരം: പാവപ്പെട്ടവർക്ക് അഞ്ച് കിലോ സൗജന്യ ഭക്ഷ്യധാന്യം എല്ലാ മാസവും നൽകുന്ന പ്രധാനമന്ത്രി ഗരീബ് കല്യൺ അന്നയോജന പദ്ധതി (പി.എം.ജി.കെ.വൈ) കേന്ദ്ര സർക്കാർ മൂന്നു മാസത്തേക്കു കൂടി നീട്ടിയത് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ സാധാരണക്കാർക്ക് ആശ്വാസമാകും.

ഈ മാസം അവസാനിക്കുന്ന പദ്ധതി നീട്ടിയില്ലെങ്കിൽ, വൻവിലക്കയറ്റം ഉണ്ടാവുമെന്ന ആശങ്കയറിയിച്ച് വിവിധ സംസ്ഥാന സർക്കാരുകൾ കേന്ദ്രത്തിന് കത്തെഴുതിയതിന്റെ അടിസ്ഥാനത്തിൽ, പദ്ധതി നീട്ടുമെന്ന് 11ന് കേരളകൗമുദി റിപ്പോർട്ടു ചെയ്തിരുന്നു. അതേസമയം, കേരളം കത്തയച്ചിട്ടില്ല. പൊതുവിപണയിൽ അരി വില അമ്പതു രൂപയും കടന്ന് കുതിക്കുമ്പോൾ, എ.എ.വൈ, മുൻഗണനാ വിഭാഗത്തിൽപ്പെട്ട സംസ്ഥാനത്തെ 1,54,800,40 പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

കൊവിഡിനെ തുടർന്ന് 2020 മാർച്ചിലാണ് പദ്ധതി ആരംഭിച്ചത്. മുൻഗണനാ (പിങ്ക്, മഞ്ഞ) കാർഡിലുള്ള ഓരോ അംഗത്തിനും അഞ്ച് കിലോഗ്രാം ധാന്യം സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതി ആറു മാസത്തേക്കാണ് ആരംഭിച്ചെങ്കിലും ആറാം വട്ടമാണ് ഇപ്പോൾ നീട്ടുന്നത്.സൗജന്യ ഭക്ഷ്യധാന്യം ലഭ്യമായതോടെ മുൻഗണനാ വിഭാഗത്തിലെ 75% പേർ പൊതുവിപണിയെ ആശ്രയിക്കുന്നില്ലെന്നാണ് കേന്ദ്ര ധന വകുപ്പിന്റെ കണക്ക്. എല്ലാ മാസവും 90% പേർ സൗജന്യ ധാന്യം വാങ്ങുന്നുണ്ട്.

റേഷൻ കടക്കാർക്കും

പ്രയോജനം

2020 മാർച്ചു മുതൽ പ്രതിമാസം 7,74,002 ക്വിന്റൽ ധാന്യമാണ് സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലുമായി ലഭിക്കുന്നത്. ക്വിന്റലിന് 180 രൂപ ലൈസൻസിക്ക് കമ്മീഷൻ . 13,93,203,60 രൂപയാണ് ഈ ഇനത്തിൽ വിതരണം ചെയ്യപ്പെടുന്നത്. 14,149 റേഷൻ കടകളാണ് ആകെയുള്ളത്.