രാഷ്‌ട്രീയ പാർട്ടി ആയതിനാൽ എസ്. ഡി. പി. ഐ ഒഴിവായി

Thursday 29 September 2022 1:06 AM IST

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെയും പോഷക സംഘടനകളെയും ഭീകര ബന്ധം ആരോപിച്ച് നിരോധിച്ചപ്പോൾ എസ്.ഡി.പിഐയെ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഒാഫ് ഇന്ത്യ) ഒഴിവാക്കിയത് ജനപ്രാതിനിധ്യ നിയമം പ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷനിൽ രജിസ്റ്റർ ചെയ്‌ത രാഷ്‌ട്രീയ പാർട്ടി ആയതിനാലാണെന്ന് സൂചന.

കഴിഞ്ഞ ദിവസങ്ങളിലെ റെയ്ഡുകളിൽ എസ്.ഡി.പി.ഐ ഭാരവാഹികളും അറസ്റ്റിലായെങ്കിലും രേഖകളിൽ പി.എഫ്.ഐയുടെ പേരാണുള്ളത്. എന്നാൽ ഭീകര ബന്ധം ചൂണ്ടിക്കാട്ടി രജിസ്ട്രേഷൻ റദ്ദാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് ശുപാർശ ചെയ്യാം.

2009 ജൂണിൽ സ്ഥാപിതമായ എസ്.ഡി.പി.ഐ 2010 ഏപ്രിലിലാണ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്തത്.

തുടർന്ന് കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്ര, ബംഗാൾ, ഡൽഹി എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു.

സംസ്ഥാനത്ത് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 100ലേറെ സീറ്റ് നേടിയ എസ്.ഡി.പി.ഐ ചിലയിടങ്ങളിൽ സി.പി.എമ്മിനെ പിന്തുണച്ചിരുന്നു.

അബ്ദുൾ നാസർ മഅ്ദനിയുടെ പി.ഡി.പിയിലെ പ്രവർത്തകരും എസ്.ഡി.പിഐയിൽ ചേർന്നിരുന്നു. പോപ്പുലർ ഫ്രണ്ടിൽ നിന്ന് വ്യത്യസ്‌തമായി എസ്‌.ഡി.പി.ഐയിൽ ദളിതർ അടക്കം മറ്റു മതക്കാരും പ്രവർത്തിക്കുന്നു.

എസ്.ഡി.പി.ഐ രാഷ്ട്രീയ പാർട്ടി ആയതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷനാണ് നടപടി എടുക്കേണ്ടതെന്ന് ബി.ജെ.പി നേതാവും മുൻ കർണാടക മന്ത്രിയുമായ കെ.എസ്. ഈശ്വരപ്പ പറഞ്ഞു. രാഷ്ട്രീയ പാർട്ടി ആയതിനാൽ എസ്.ഡി.പിഐയെ നിരോധിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പി.എഫ്.ഐയ്‌ക്കൊപ്പം എസ്.ഡി.പി.ഐയെയും നിരോധിക്കണമെന്ന് കർണാടകം ആവശ്യപ്പെട്ടിരുന്നു. 2020 ആഗസ്റ്റിൽ ബംഗളൂരുവിലെ ഡി.ജെ ഹള്ളിയിലുണ്ടായ അക്രമത്തിന് പിന്നിൽ എസ്.ഡി.പി.ഐ ആണെന്നാണ് സർക്കാർ വാദം. നിരവധി രാഷ്‌ട്രീയ കൊലപാതകങ്ങൾ സംഘടന നടത്തിയെന്നും ആരോപണമുണ്ട്.

Advertisement
Advertisement