നിരോധനം വരുമ്പോൾ പഴയ ഭീകരത പുതിയ പേരിൽ

Thursday 29 September 2022 1:10 AM IST

തിരുവനന്തപുരം:തീവ്രവാദ സംഘടനകൾക്ക് നിരോധനം പുത്തരിയല്ല.നിരോധനം വരുമ്പോൾ പുതിയ പേരിൽ അവതരിക്കും. പഴയ ഭീകരതയ്‌ക്ക് മാറ്റമുണ്ടാവില്ല.

2001ൽ സിമിയെ നിരോധിച്ചപ്പോൾ അതിന്റെ നേതാക്കളും പ്രവർത്തകരും ചേർന്ന് രൂപീകരിച്ചതാണ് എൻ.ഡി.എഫ്. സിമിയേക്കാൾ തീവ്ര നിലപാട് പുലർത്തിയ എൻ.ഡി.എഫിനും വിലക്ക് വന്നതോടെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെന്ന പേരിൽ അണികൾ പുതിയ സംഘടനാ രൂപം ആർജിച്ചു. എസ്.ഡി.പി.ഐ എന്ന രാഷ്ട്രീയ പാർട്ടി കൂടി രൂപീകരിച്ച് പോഷക സംഘടനകളായി വിദ്യാർത്ഥി തലം മുതൽ ട്രേഡ് യൂണിയൻ രംഗം വരെ കൈയടക്കിയെങ്കിലും പ്രവർത്തനശൈലിയിലും നിലപാടുകളിലും മാറ്റമില്ലാതെ തുടർന്നപ്പോഴാണ് ഇപ്പോഴത്തെ നിരോധനം.

തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകൻ ടി. ജെ ജോസഫിന്റെ കൈവെട്ടിയ കേസും അടുത്തിടെ നടന്ന കൊലപാതക പരമ്പരകളുമാണ് പി.എഫ്.ഐയുടെ തീവ്രമനോഭാവം വെളിവാക്കിയത്. എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ്.എഫ്‌.ഐ പ്രവർത്തകനുമായ അഭിമന്യു (20) കൊല്ലപ്പെട്ട കേസിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദ്യാർത്ഥി വിഭാഗമായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയിലെ പ്രവർത്തകരാണ് പ്രതികൾ. ആലപ്പുഴ വയലാർ നാഗൻകുളങ്ങരയിലെ ആർ.എസ്.എസ് ഗണനായക് നന്ദു കൃഷ്ണ (22) കൊല്ലപ്പെട്ടത് എസ്.ഡി.പി.ഐ-ആർ.എസ്.എസ് ഏറ്റുമുട്ടലിലാണ്. പാലക്കാട് എലപ്പുള്ളിയിലെ ആർ.എസ്.എസ് നേതാവ് സഞ്ജിത്തിനെ കഴിഞ്ഞ നവംബർ 10 നാണ് വെട്ടിക്കൊലപ്പെടുത്തിയത്.

Advertisement
Advertisement