സംസ്കൃത യൂണി: ഇല്ലാത്ത തസ്തികകളിലെ നിയമനം റദ്ദാക്കണം

Wednesday 28 September 2022 11:14 PM IST

തിരുവനന്തപുരം: സംസ്കൃത സർവകലാശാലയിൽ ഇല്ലാത്ത തസ്തികകളിലടക്കം നടത്തിയ അനധികൃത നിയമനങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകി.

മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആർ.മോഹനന്റെ ഭാര്യ പൂർണിമ മോഹനനെ സംസ്കൃതം ജനറൽ കോഴ്സില്ലാത്ത തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിൽ പ്രൊഫസറായി നിയമിച്ചു. ഫിസിക്കൽ എഡ്യൂക്കേഷനിൽ അസി. പ്രൊഫസറായ എം.ഐ. രഹിലാ ബീവിയെ ഈ കോഴ്സില്ലാത്ത തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിൽ നിയമിച്ചു. സിൻഡിക്കേറ്റംഗമായ ബിച്ചു. എക്സ്. മലയിലിനെ പരീക്ഷകളുടെ ചുമതലയുള്ള പ്രൊഫസറായി നിയമിക്കാൻ കഴിഞ്ഞ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഇങ്ങനെയൊരു തസ്തിക സർവകലാശാലാ ചട്ടപ്രകാരം ഇല്ലാത്തതാണ്. യൂണിവേഴ്സിറ്റി നിയമപ്രകാരം

പ്രോ വൈസ് ചാൻസലർക്കാണ് പരീക്ഷകളുടെ ചുമതല.

മലയാള വിഭാഗത്തിലെ മറ്റൊരു പ്രൊഫസറായ ലിസി മാത്യുവിനെ ഇല്ലാത്ത തസ്തികയായ പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായും നിയമിച്ചിട്ടുണ്ട്. രാഷ്ട്രീയ പാർട്ടിയുടെ ദിനപത്രത്തിൽ ജോലി ചെയ്യവേ താൽക്കാലിക ഒഴിവിൽ ഫിലോസഫി അസി. പ്രൊഫസറായി സംവരണം അട്ടിമറിച്ച് നിയമിച്ച ആർ. ഷർമിളയെ

തസ്തികയില്ലെങ്കിലും സ്ഥിരപ്പെടുത്തിയതായും കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ, സെക്രട്ടറി എം.ഷാജർഖാൻ എന്നിവർ ആരോപിച്ചു.