പറവൂരിലെ കളിക്കളം കാടാകും കുളമാകും

Thursday 29 September 2022 12:34 AM IST

പറവൂർ: നാല് ഏക്കറോളം വിസ്തൃതിയുള്ള ഗ്രൗണ്ട് പറവൂർ നഗരസഭയ്ക്കുണ്ടെങ്കിലും മഴക്കാലത്ത് വെള്ളക്കെട്ടാണ്. മഴ തോർന്നാൽ കുണ്ടുംകുഴിയും കുറ്റിക്കാടും കൊണ്ട് നിറയും. പിന്നെ ഭൂമി​ നി​രപ്പാക്കലും കാടുവെട്ടലും കളി​ക്കാനെത്തുന്നവരുടെ ജോലിയാണ്. ഇതാണ് പറവൂരിലെ ഏക കളിസ്ഥലത്തിന്റെ ഗതി.

സ്റ്രേഡിയം ഗ്രൗണ്ടെന്നാണെന്ന് പേരെങ്കിലും സ്റ്റേഡിയവും ഗ്രൗണ്ടും ഇവിടെയില്ല. പറവൂർ നഗരസഭയുടെ ആദ്യ കളിക്കളം മുപ്പത് വർഷങ്ങൾക്ക് മുമ്പ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനായി വിട്ടുനൽകിയിരുന്നു. പകരം ചതുപ്പ് പാടം വാങ്ങി​ മണ്ണിട്ട് നികത്തി. അന്നുമുതൽ വെള്ളക്കെട്ടുണ്ട്. പതിനഞ്ച് വർഷം മുമ്പ് സ്റ്റേഡിയം നിർമ്മിക്കുന്നതിന്റെ ആദ്യപടിയായി ഗാലറി പണിതു. വേണ്ടത്ര ആസൂത്രണമി​ല്ലാതെ ഗാലറി നിർമ്മിച്ചതിനാൽ ആധുനിക രീതിയിലെ സ്റ്റേഡിയം സ്ഥാപിക്കുന്നതിന് തടസമായി. സ്റ്റേഡിയത്തിനായി 2019 നവംബറിൽ വി.ഡി.സതീശൻ എംഎൽ.എയുടെ വികസന ഫണ്ടിൽ നിന്ന് രണ്ട് കോടിരൂപ വാഗ്ദാനം ചെയ്തു. തുടർന്ന് രണ്ട് വർഷം നീണ്ട നടപടി​ക്രമങ്ങൾക്കുശേഷം ഒരു മാസം മുമ്പ് ഗാലറി പൊളിച്ചു മാറ്റി. എം.എൽ.എ വാഗ്ദാനം ചെയ്ത ഫണ്ട് കൊവിഡ് കാരണം വിനിയോഗിക്കാൻ സാധിച്ചില്ല. നിയോജക മണ്ഡലത്തിലെ പ്രധാനപ്പെട്ട പ്രവൃത്തികളിൽ മുനിസിപ്പൽ സ്റ്രേഡിയവും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റേഡിയം പുനർനിർമ്മാണത്തിന്റെ എസ്റ്റിമേറ്റ് തുക ഉടനെ സർക്കാരിന് സമർപ്പിക്കും. 20 ശതമാനം പദ്ധതിവിഹിതം ഉൾപ്പെടുത്തി അടുത്ത ബഡ്ജറ്റ് വന്നശേഷം വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയാറാക്കി നൽകും. ഭരണാനുമതി ലഭിച്ച ശേഷമാകും നിർമാണത്തിലേക്കു കടക്കുക. ഇതിനുള്ള നടപടിക്രമങ്ങൾ നഗരസഭ തുടങ്ങിയിട്ടുണ്ട്.

കെ.സി.എയും കൈവിട്ടു

മുനിസിപ്പൽ ഗ്രൗണ്ട് നിർമ്മാണത്തിന് കേരള ക്രിക്കറ്റ് അസോസിയേഷനെയും കേരള ഫുട്ബാൾ അസോസിയേഷനെയും നഗരസഭ സമീപിച്ചിരുന്നു. പത്ത് കോടിയോളം രൂപ ചെലവഴിക്കാൻ കെ.സി.എ തയാറായിരുന്നെങ്കിലും അവരുടെ ചില നിബന്ധനകളോട് യോജിക്കാനാവാത്തതിനാൽ നഗരസഭ കൗൺസിൽ അംഗീകാരം നൽകിയില്ല.

---------------------------------------------------------

ഫുട്ബാൾ, ക്രിക്കറ്റ്, വോളിബാൾ, അത്ലറ്റിക്സ് എന്നിവയ്ക്കായിരിക്കും ഗ്രൗണ്ട് ഉപയോഗിക്കുക. ടോയ്ലറ്റുകൾ, ഡ്രസിംഗ് റൂമുകൾ, ഓഫീസ് മുറി, വാച്ച് ടവർ എന്നിവയും നിർമ്മിക്കും. ഗ്രൗണ്ട് നിർമ്മിക്കാനാവശ്യമായ സാങ്കേതിക ഉപദേശം ഫുട്ബാൾ അസോസിയേഷനും ക്രിക്കറ്റ് അസോസിയേഷനും നൽകും. ഗ്രൗണ്ടിന്റെ പൂർണനിയന്ത്രണം നഗരസഭയ്ക്കായിരിക്കും. കായിക ആവശ്യങ്ങൾക്കല്ലാതെ മറ്റ് കാര്യങ്ങൾക്ക് ഗ്രൗണ്ട് വിട്ടുകൊടുക്കില്ല.

-------------------------------------------------------------------------

മുനിസിപ്പൽ സ്റ്രേഡിയം ഗ്രൗണ്ട് ആധുനികരീതിയിൽ നവീകരിക്കും. ഇതിനായി സ്ഥലം എം.എൽ.എകൂടിയായ പ്രതിപക്ഷനേതാവുമായി ചർച്ച ചെയ്ത് കൂട്ടായ തിരുമാനമെടുക്കും. നവീകരണ പ്രവർത്തനങ്ങൾക്ക് അടിയന്തരമായി നടപടികൾ സ്വീകരിക്കും.

വി.എ. പ്രഭാവതി, ചെയർപേഴ്സൺ, പറവൂർ നഗരസഭ.

------------------------------------------------------------

പറവൂരിൽ എല്ലാ കളികളും ഒന്നിക്കുന്ന ഒരിടമില്ല. മുനിസിപ്പൽ സ്റ്രേഡിയം ഗ്രൗണ്ട് ഇതിനായിയൊരുക്കണം. പറവൂരിലെ കായിക വിദ്യാർത്ഥികൾക്ക് അത് ഏറെ ഗുണം ചെയ്യും.

ടി.ആർ. ബിന്നി, കായികാദ്ധ്യാപകൻ.

---------------------------------------------------------

.

Advertisement
Advertisement