പ്രസാദ് മിസ്റ്റർ ഇന്ത്യയായി, കാൻസർ തോറ്റുമടങ്ങി

Wednesday 28 September 2022 11:54 PM IST

തൃശൂർ:ബോഡി ബിൽഡറായ കെ. സി പ്രസാദിന്റെ ശരീരത്തെ കീഴടക്കാൻ കാൻസർ വന്നു. ശരീരം മെലിഞ്ഞു. ശബ്ദം നഷ്ടമായി. ആറുമാസത്തിനപ്പുറം ജീവിക്കില്ലെന്ന് ഡോക്ടർ. പ്രസാദ് കീഴടങ്ങിയില്ല...

തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സ. ഒപ്പം പുഷ് അപ്പും വെയ്റ്റ് ലിഫ്ടിംഗും മറ്റ് വ്യായാമങ്ങളും. ഒടുവിൽ അതിജീവനത്തിന്റെ മനക്കരുത്തിൽ നേടിയത് ശരീരസൗന്ദര്യത്തിന്റെ മിസ്റ്റർ ഇന്ത്യ പട്ടം..!

ഇപ്പോൾ, തളിക്കുളം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് ഈ 52 കാരൻ. എങ്കിലും എന്നും രാവിലെ ജിംനേഷ്യത്തിലെത്തും.

സ്‌കൂളിൽ പഠിക്കുമ്പോഴേ ബാേഡി ബിൽഡറായിരുന്നു. ദേശീയ തലത്തിൽവരെ സമ്മാനങ്ങൾ നേടി. 2006ലാണ് പെട്ടെന്ന് ശരീരം മെലിഞ്ഞത്. പരിശോധിച്ചപ്പോൾ തൈറോയ്ഡ് ഗ്രന്ഥിയിൽ കാൻസർ. സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ. പിന്നെ ആർ.സി.സിയിൽ. ഡോക്ടർ ആറ് മാസം ജീവിതകാലാവധി വിധിക്കുമ്പോൾ ഭാര്യ കൈക്കുഞ്ഞുമായി ആശുപത്രിയുടെ പുറത്തുണ്ടായിരുന്നു. ചികിത്സയ്ക്കൊപ്പം ജിംനേഷ്യത്തിലും ശരീരസൗന്ദര്യ മത്സരങ്ങളിലും കൂടുതൽ സജീവമാകാനായിരുന്നു പ്രസാദിന്റെ തീരുമാനം. 2009 - 2010ൽ മിസ്റ്റർ സൗത്ത് ഇന്ത്യയും മിസ്റ്റർ ഇന്ത്യയുമായി. അതറിഞ്ഞ് ചികിത്സിച്ച ഡോക്ടറുടെ മകൻ പ്രസാദിന്റെ ഫോട്ടോ വാങ്ങി വീട്ടിൽ സൂക്ഷിച്ചു,​ 2012ൽ ശരീരം പൂർണമായും കാൻസർ മുക്തമായി.

പത്ത് വർഷം വാടാനപ്പിളളി പഞ്ചായത്ത് അംഗമായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വാടാനപ്പള്ളി ഡിവിഷനിൽ ജയിച്ചാണ് ബ്ലോക്ക് പഞ്ചായത്തിന്റെ സാരഥിയായത്.

പത്തര വർഷമായി സി.പി.എം വാടാനപ്പിള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറിയും നാട്ടിക ഏരിയ കമ്മിറ്റി അംഗവുമാണ്.

മണപ്പുറത്തെ ആദ്യകാല കമ്മ്യൂണിസ്റ്റും കളരി ഗുരുക്കളുമായ കടവത്ത് വീട്ടിൽ കെ.വി. ചെറുകണ്ടൻ കുട്ടിയുടെയും മാധവിയുടെയും മകനാണ്. സഹോദരൻ കെ.സി. സുരേഷ് ബോഡി ബിൽഡിംഗ് ചാമ്പ്യനായ ശേഷം ബി.എസ്.എഫിലായിരുന്നു. ഭാര്യ: ബിന്ദു (അദ്ധ്യാപിക). മകൻ: ആദിത്യ പ്രസാദ് (ബിരുദ വിദ്യാർത്ഥി).

ജീവിതചര്യ:

രാവിലെ അഞ്ചിന് എഴുന്നേൽക്കും. ഒന്നരമണിക്കൂർ ജിംനേഷ്യത്തിൽ പ്രാതലിന് മൂന്ന് മുട്ടയുടെ വെള്ള,​ മൂന്ന് ചപ്പാത്തി അല്ലെങ്കിൽ ദോശ ഉച്ചയ്ക്ക് ചോറും കറികളും. ചിലപ്പോൾ ഇറച്ചിയോ മീനോ . രാത്രി ചപ്പാത്തി,​ സാലഡ്.

ശരീരഭാരം: 84 കി.ഗ്രാം

ഉയരം: 5 അടി 9 ഇഞ്ച്

ലഹരി ജീവിതത്തോട്

നിരാശനായി മയക്കുമരുന്നിനും മദ്യത്തിനും പുകവലിക്കും അടിപ്പെട്ടിരുന്നെങ്കിൽ ആറുമാസത്തിനപ്പുറം ജീവിക്കില്ലായിരുന്നു. ലഹരി ജീവിതത്തോടാകണം.

- കെ.സി. പ്രസാദ്