സാമുദായിക ധ്രുവീകരണം ആശങ്കാജനകം: അഡ്വ. എ.ജയശങ്കർ

Wednesday 28 September 2022 11:56 PM IST

മൈസൂരു: കേരളത്തിലെ സാമുദായിക ധ്രുവീകരണം ആശങ്കാജനകമായി മാറിയിരിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.എ.ജയശങ്കർ പറഞ്ഞു. മൈസൂരുവിൽ നടക്കുന്ന എസ്.എൻ.ഡി.പി യോഗം ത്രിദിന നേതൃത്വ ക്യാമ്പിൽ 'എസ്.എൻ.ഡി.പി യോഗവും കേരളീയ രാഷ്ട്രീയവും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രബല ന്യൂനപക്ഷ സമുദായങ്ങൾ സംശയിക്കുകയും അവിശ്വസിക്കുകയും ചെയ്യുന്ന സ്ഥിതി സംജാതമായിരിക്കുന്നു. നേരത്തേ ഹിന്ദു സംഘടനകൾ ഉന്നയിച്ച ലൗ ജിഹാദ് പോലുള്ള വിഷയങ്ങൾ ഇപ്പോൾ ക്രിസ്ത്യൻ പാതിരിമാർ ഉന്നയിക്കുന്നു. ഇടതു സർക്കാർ മുമ്പൊരിക്കലും ഇല്ലാത്ത തരത്തിൽ സാമുദായിക ശക്തികളെ ഭിന്നിപ്പിക്കുകയും, ചിലപ്പോൾ അവരുടെ ഭീഷണിക്ക് മുന്നിൽ വഴങ്ങുകയും ചെയ്യുന്നു. വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്കു വിട്ട നടപടി പിൻവലിച്ചതും, ആലപ്പുഴ കളക്ടറെ രായ്ക്കുരാമാനം സ്ഥലം മാറ്റിയതും ഉദാഹരണങ്ങളാണ്. സംഘടിത മത വിഭാഗങ്ങളുടെ സാമുദായിക സ്വാധീനം കൂടുകയാണ് . പോപ്പുലർ ഫ്രണ്ടിനോട് ഇരുമുന്നണികളും മൃദു സമീപനം സ്വീകരിച്ചതായും ജയശങ്കർ പറഞ്ഞു.

Advertisement
Advertisement