അരുവിപ്പുറം സന്ദേശം ഗുരുദേവന്റെ രാഷ്ട്രീയ സിദ്ധാന്തം: വെള്ളാപ്പള്ളി

Thursday 29 September 2022 12:11 AM IST

മൈസൂരു: അരുവിപ്പുറത്ത് ശ്രീനാരായണ ഗുരുദേവൻ ശിവ പ്രതിഷ്ഠയിലൂടെ ഉയർത്തിയ ദാർശനിക ചിന്താധാരയാണ് ഭേദമില്ലാത്ത ലോകമെന്ന ദർശനമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗ നേതൃത്വത്തിൽ യൂണിയൻ നേതാക്കൾക്കായി നടത്തുന്ന ത്രിദിന നേതൃത്വ ക്യാമ്പ് ഡോ.പൽപ്പു നഗറിൽ (റിയോ മെറിഡിയൻ ഹോട്ടൽ ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭേദമില്ലാത്ത ഏക ലോക സൃഷ്ടിയായിരുന്നു ഗുരു സന്ദേശത്തിന്റെ കാതൽ. സ്ഥിതി സമത്വത്തിന്റെയും സാമൂഹ്യ നീതിയുടെയും പ്രഖ്യാപനം കൂടിയായിരുന്നു ആ സന്ദേശം. മതവൈരത്തിന് അറുതി വരുത്തുന്ന മൃതസഞ്ജീവനിയാണ് ഗുരു ദർശനം.

മനുഷ്യ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ആധുനിക കേരളം ഉൾക്കൊള്ളേണ്ടത് . ആത്മീയതയും ആധുനികതയും സമന്വയിപ്പിക്കുന്നതായിരുന്നു ഗുരുവിന്റെ പ്രവർത്തന രീതി. കൊവിഡ് കാലത്ത് ഗുരുവിന്റെ ശുചിത്വ വിപ്ലവം വഴിയും വഴികാട്ടിയുമായിരുന്നു.

കേരള രാഷ്ട്രീയത്തിൽ വെടക്കാക്കി തനിക്കാക്കാനുള്ള കപട രാഷ്ട്രീയ നയങ്ങളാണ്

ലീഗടക്കമുള്ള കക്ഷികൾ പയറ്റുന്നത്. ഇതിന്റെ ഫലമായി സാമൂഹ്യ നീതി അട്ടിമറിക്കപ്പെടുന്നു. ജനസംഖ്യാനുപാതികമായ അധികാരാവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.യോഗ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പുത്തൻ പോർമുഖങ്ങൾ തുറക്കുമെന്ന് അദ്ധ്യക്ഷത വഹിച്ച യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.ജയ് കർണാടക സംസ്ഥാന ജനറൽ സെക്രട്ടറി ബാലചന്ദറിന്റെ നേതൃത്വത്തിൽ വെള്ളാപ്പള്ളി നടേശനും , തുഷാർ വെള്ളാപ്പള്ളിക്കും സ്വീകരണം നൽകി. അഡ്വ.എ.ജയശങ്കർ, അഡ്വ. സിനിൽ മുണ്ടപ്പള്ളി, യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവർ പ്രസംഗിച്ചു.
യോഗം കൗൺസിൽ അംഗങ്ങൾ, ഇൻസ്‌പെക്ടിംഗ് ഓഫീസർമാർ, അസി. സെക്രട്ടറിമാർ, പോഷക സംഘടനാ സംസ്ഥാന ഭാരവാഹികൾ, യൂണിയൻ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.
രാവിലെ വെള്ളാപ്പള്ളി നടേശൻ ക്യാമ്പ് നഗരിയിൽ പതാക ഉയർത്തി.ഇന്ന് രാവിലെ വെള്ളാപ്പള്ളിയുടെ ധന്യസാരഥ്യത്തിന്റെ രജത ജൂബിലി ആഘോഷം കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.സി.എൻ.അശ്വവത് നാരായണൻ ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദ് അദ്ധ്യക്ഷത വഹിക്കും. വെള്ളാപ്പള്ളി മറുപടി പ്രസംഗം നടത്തും. തുഷാർ വെള്ളാപ്പള്ളി സ്വാഗതവും അരയാക്കണ്ടി സന്തോഷ് നന്ദിയും പറയും. ഡോ.ബിനു കണ്ണന്താനം, യോഗം കൗൺസിലർ പി.ടി.മൻമഥൻ എന്നിവർ ക്ലാസെടുക്കും.

Advertisement
Advertisement