കൊല്ലങ്കോട് മുഞ്ഞ ശല്യം വ്യാപകം

Thursday 29 September 2022 12:25 AM IST

കൊല്ലങ്കോട്: പെരുവമ്പ് കൊടുവായൂർ വടവന്നൂർ പഞ്ചായത്തിലെ പാടശേഖരങ്ങളിൽ മുഞ്ഞ ശല്യം വ്യാപകം. പെരുവമ്പ് ഗ്രാമ പഞ്ചായത്തിൽ 110 ഏക്കറും കൊടുവായൂർ പഞ്ചായത്തിൽ 60 ഏക്കറും മുഞ്ഞ ബാധിക്കപ്പെട്ടിട്ടുണ്ട്. ഇതോടെ കർഷകർ മുൻകരുതലെടുക്കണമെന്ന് കൃഷി ഓഫീസർ ടി.ടി. അരുൺ അറിയിച്ചു.

ഉമ നെല്ലിനം താരതമ്യേന പ്രതിരോധശേഷി കാണിച്ചിരുന്നതാണ്. ഇത്തവണ ഉമയിലാണ് വ്യാപകമായ നഷ്ടം. ജ്യോതി, ജയ കൃഷി ചെയ്യുന്ന കർഷകർ കൂടുതൽ സൂക്ഷിയ്ക്കണം. അമിതമായി യൂറിയ ഉപയോഗിച്ച പാടങ്ങളിലും പൊട്ടാഷ് വളപ്രയോഗം തീരെ കുറഞ്ഞ പാടങ്ങളിലുമാണ് രോഗ ബാധ കാണുന്നത്. ഇടയ്ക്കിടയ്ക്കുണ്ടായ മഴ മൂലം മണ്ണിലെ പൊട്ടാഷിന്റെ അംശം പൂർണമായും നഷ്ടമായിട്ടുണ്ടാവാമെന്നും കൃഷി ഓഫീസർ പറഞ്ഞു. മുൻപ് ഓല കരിയൽ വന്ന പാടങ്ങളിൽ ചെടിയുടെ ആരോഗ്യം കുറഞ്ഞതിനാൽ രോഗബാധ വരാൻ സാധ്യത കൂടുതലാണ്.

മുൻ കാലങ്ങളിലെപ്പോലെ മുഞ്ഞയ്ക്ക് പ്രത്യേക മരുന്ന് തളി പാക്കേജ് പ്രഖ്യാപിച്ച് കർഷകരെ സർക്കാർ അടിയന്തരമായി സഹായിക്കണമെന്ന് സംയുക്ത പാടശേഖര സമിതി പ്രസിഡന്റ് വി. ബാബു, കൺവീനർ സി. അയ്യപ്പൻ എന്നിവർ ആവശ്യപ്പെട്ടു. കേരള കാർഷിക സർവകലാശാലയിലെ വിദഗ്ദ്ധർ റിപ്പോർട്ട് നൽകിയാൽ മാത്രമേ കർഷകർക്ക് ഇൻഷ്വറൻസ്, പ്രകൃതിക്ഷോഭ ആനുകൂല്യം നൽകാനാവൂ എന്നതാണ് നിലവിലെ പ്രതിസന്ധി. രോഗനിർണയത്തിന് പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ കീഴിൽ ടെക്നിക്കൽ കമ്മിറ്റി ഉണ്ടാക്കി ദ്രുതഗതിയിൽ പരിശോധന നടത്തണം.

മുഞ്ഞ

നെല്ലിന്റെ ചുവട്ടിൽ പറ്റിപ്പിടിച്ച് നീരൂറ്റിക്കുടിക്കുകയും വളരെ വേഗത്തിൽ പടരുകയും ചെയ്യുന്ന കീടമാണ് മുഞ്ഞ അഥവാ പച്ചത്തുള്ളൻ. കീടത്തിന്റെ എല്ലാ ദശകളും നെല്ലിനെ ദോഷകരമായി ബാധിക്കും. നെല്ലിന്റെ ചുവട്ടിൽ നിന്നും നീരൂറ്റി കുടിക്കുന്നതിനാൽ നെല്ല് പൂർണമായും വൈക്കോലിന് സമമാകും. കൃഷി ഇവ പൂർണമായും നശിപ്പിക്കും.

പ്രതിരോധിക്കാം

  • മുഞ്ഞ വന്ന പാടത്തെ വെള്ളം പൂർണ്ണമായും വാർത്ത് കളയണം.
  • നന്നായി കരിഞ്ഞ ഭാഗം ഉള്ളിലേക്ക് വകഞ്ഞ് ബ്ലീച്ചിംഗ് പൗഡർ നന്നായി വിതറണം.
  • പൈ മെട്രോസിൻ എന്ന കീടനാശിനി പൗഡർ രൂപത്തിലുള്ളത് 10 ലിറ്ററിന് 5 ഗ്രാം എന്ന കണക്കിൽ ഏക്കറിന് 50 ഗ്രാം എന്ന തോതിൽ തളിയ്ക്കണം.
  • കോമ്പിനേഷനുകൾ ഉപയോഗിക്കാവുന്നതാണ്.
  • ചെസ്, ഓഡിയൻസ് കമിയോ എന്നീ ബ്രാൻഡ് നെയിമുകളിൽ ലഭ്യമാണ്.