മുഖം മിനുക്കാൻ താമരക്കുളം

Thursday 29 September 2022 12:30 AM IST

ഒറ്റപ്പാലം: നാലുപതിറ്റാണ്ടായി പായൽ മൂടി ഉപയോഗശൂന്യമായിക്കിടന്നിരുന്ന19-ാം മൈലിലെ താമരക്കുളം മുഖം മിനുക്കുന്നു. ഒന്നരയേക്കറിൽ വ്യാപിച്ചു കിടക്കുന്ന പൊതുകുളത്തിന്റെ നവീകരണം ഉടൻ പൂർത്തിയാകും. ഹരിതകേരളം പദ്ധതിയിലുൾപ്പെടുത്തി ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ രണ്ടുകോടി രൂപ ചെലവിലാണ് കുളം നവീകരിക്കുന്നത്.

കുളത്തിലെ പായലും ചെളിയും മണ്ണും നീക്കി. തകർന്നു കിടന്നിരുന്ന സംരക്ഷണ ഭിത്തികൾ പൊളിച്ചുനീക്കി പുതിയത് പണിയുന്നത് അവസാനഘട്ടത്തിലാണ്. നാലുഭാഗത്തും നടപ്പാത നിർമ്മാണവും ചുറ്റുമതിൽ നിർമ്മാണവും പൂർത്തിയായി. പെയിന്റിംഗ് ജോലികളും ബാക്കിയുണ്ട്.

ചെളിയടിഞ്ഞ് വർഷങ്ങൾ

1982ന് ശേഷം നവീകരണം നടക്കാതെ പായൽമൂടി ചെളിയടിഞ്ഞു കിടക്കയായിരുന്നു താമരക്കുളം. വേനലിൽപ്പോലും 12 അടിയിലേറെ വെള്ളം നിൽക്കുന്ന കുളമാണിത്. ഇവിടെ മാലിന്യം തള്ളുന്നത് പതിവായിരുന്നു. നവീകരണ പദ്ധതി നടപ്പാവുന്നതോടെ മൂന്ന് വാർഡിലെ ജനങ്ങൾക്ക് ഉപയോഗ പ്രദമാവും. 19-ാം മൈലിലെ ക്ലബ്ബ് 19, മറ്റ് സന്നദ്ധസംഘടനകൾ, മീറ്റ്ന പാടശേഖരസമിതി തുടങ്ങിയവരും നാട്ടുകാരും വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമായിരുന്നു കുളത്തിന്റെ നവീകരണം. 25 ഹെക്ടർ കൃഷിക്ക് ഗുണകരമാകും

കൃഷിക്ക് പ്രയോജനം നവീകരണം പൂർത്തിയാകുന്നതോടെ മീറ്റ്ന പാടശേഖര സമിതിയിലെ 25 ഹെക്ടർ സ്ഥലത്തെ കൃഷിക്ക് കുളം പ്രയോജനപ്പെടും. കാലങ്ങളായി തരിശുകിടന്നിരുന്ന ഇവിടെ രണ്ടുവർഷം മുമ്പാണ് വീണ്ടും കൃഷി സക്രിയമായത്. കുളത്തിൽനിന്ന് പാടത്തിലേക്ക് വെള്ളമെത്തിക്കാൻ ചാലുവേണമെന്ന ആവശ്യവും മുന്നിൽക്കണ്ടായിരുന്നു നവീകരണപ്രവൃത്തി. ഇതിനുള്ള പണിയും തുടങ്ങി.