ദേശീയ പാത വികസനം: കെട്ടിടം പൊളിക്കലും മരം മുറിക്കലുമായി തട്ടിപ്പ് സംഘങ്ങൾ

Thursday 29 September 2022 1:34 AM IST

കൊല്ലം: ദേശീയപാത 66 വികസനത്തിന്റെ പേരിൽ സ്ഥലം ഉടമകളെ കബിളിപ്പിച്ച് കെട്ടിടങ്ങൾ പൊളിച്ചും വിലപിടിപ്പുള്ള മരങ്ങൾ മുറിച്ചും കടത്തുന്നതായി പരാതി. അന്ത്യശാസനം നൽകിയിട്ടും പൊളിക്കാത്ത കെട്ടിടങ്ങൾ ദേശീയപാത സ്ഥലമേറ്റെടുക്കൽ വിഭാഗം നേരിട്ടിറങ്ങി പൊളിച്ചുമാറ്റാൻ തുടങ്ങിയിരുന്നു. ഇതിന്റെ മറവിലാണ് തട്ടിപ്പ് അരങ്ങേറുന്നത്.

ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിയിലെ കെട്ടിടങ്ങൾ ഉടമകൾ സ്വന്തം നിലയിലായിരുന്നു പൊളിച്ചു നീക്കേണ്ടത്. ഇങ്ങനെ പൊളിച്ചുനീക്കുന്ന കെട്ടിട ഭാഗങ്ങൾ ഉടമയ്ക്ക് തന്നെ എടുക്കാം. അതുകൊണ്ട് തന്നെ നഷ്ടപ്പെടുന്ന കെട്ടിടത്തിന്റെ വിലയുടെ ആറ് ശതമാനം കുറച്ചാണ് നഷ്ടപരിഹാരമായി നൽകിയത്. നഷ്ടപരിഹാരത്തുക കുറഞ്ഞുപോയത് ചൂണ്ടിക്കാട്ടി കോടതിയിൽ കേസ് നൽകിയവരും, ഉടമസ്ഥതയുടെ കാര്യത്തിൽ തർക്കമുള്ളതുമായ സ്വകാര്യ കെട്ടിടങ്ങളാണ് ഇനിയും പൊളിക്കാനുള്ളത്. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച സാഹചര്യത്തിൽ ദേശീയപാത സ്ഥലമേറ്റെടുപ്പ് വിഭാഗം ഈ കെട്ടിടങ്ങൾ സ്വന്തം നിലയിൽ പൊളിച്ച് തുടങ്ങിയിരുന്നു. ഇതിന്റെ മറവിൽ ചില തട്ടിപ്പ് സംഘങ്ങൾ ജെ.സി.ബികളുമായെത്തി കെട്ടിടങ്ങൾ പൊളിച്ച് വിലയേറിയ ഭാഗങ്ങൾ കടത്തുന്നുവെന്നാണ് പരാതി.

ഏറ്റെടുക്കുന്ന സ്ഥലത്തെ മരങ്ങൾ മുറിക്കാനുള്ള ചുമതല കരാർ കമ്പനികൾക്കാണ്. മരങ്ങളുടെ വിലയായി രണ്ട് കരാർ കമ്പനികളും ഏകദേശം നാലരക്കോടിയോളം രൂപ സർക്കാരിന് അടച്ചിട്ടുണ്ട്. എന്നാൽ, വൈദ്യുതി കേബിളുകൾ തടസമായി നിൽക്കുന്ന മരങ്ങൾ മുറിച്ചിട്ടില്ല. ഇതിൽ പലതും തട്ടിപ്പ് സംഘങ്ങൾ സ്ഥലമുടമകളെ കബിളിപ്പിച്ച് മുറിക്കുന്നുണ്ട്. ഇങ്ങനെ മുറിച്ച് കടത്തുന്ന മരങ്ങളുടെ വില സ്ഥലമുടമകൾ നഷ്ടപരിഹാരമായി കരാർ കമ്പനികൾക്ക് നൽകേണ്ടി വരും. എന്നാൽ, തട്ടിപ്പ് സംബന്ധിച്ച് പരാതി നൽകിയിട്ടും പൊലീസ് അടക്കം ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്. നേരത്തെ ഇത്തരത്തിൽ ദേശീയപാതയോരത്തെ മണ്ണ് വ്യാപകമായി കടത്തിയിരുന്നു.

Advertisement
Advertisement