മുന്നാക്ക സമുദായങ്ങളോട് സർക്കാരുകൾ മുഖം തിരിക്കുന്നു: ജി.സുകുമാരൻ നായർ
പെരുന്ന: മുന്നാക്ക സമുദായങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുഖം തിരിച്ച് നിൽക്കുകയാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. ഇതിന് ചുക്കാൻ പിടിക്കുന്നത് ഉദ്യോഗസ്ഥതലത്തിലെ ഉപജാപകസംഘമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എൻ.എസ്.എസ് ബഡ്ജറ്റ് ബാക്കിപത്ര സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
മുന്നാക്ക സമുദായങ്ങളെ അവഗണിച്ചാൽ ഒന്നും സംഭവിക്കില്ലെന്നാണ് സർക്കാരുകളുടെ ധാരണ. ഇത് മുന്നാക്ക സമുദായങ്ങളുടെ ഐക്യക്കുറവു കൊണ്ടാണ്. ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളെ സംരക്ഷിക്കുമ്പോൾ, മുന്നാക്കക്കാർക്ക് അവഗണന മാത്രമാണ്. വോട്ട്ബാങ്കിലൂടെ ഭരണത്തിലെത്താനാണ് രാഷ്ട്രീയ പാർട്ടികൾ ലക്ഷ്യമിടുന്നത്. ന്യൂനപക്ഷ സമുദായങ്ങൾക്ക് വാരിക്കോരി കൊടുത്ത് മുന്നാക്ക സമുദായത്തെ തീറെഴുതുന്ന നടപടി ഏത് രാഷ്ട്രീയ പാർട്ടിയുടേതായാലും നേരിടാനുള്ള ആത്മവീര്യം സംഘടനയ്ക്ക് ഉണ്ടാവണം. ഒരു വിഭാഗത്തിന്റെ ഭരണമാണ് ഇവിടെ നടക്കുന്നത്. 10 ശതമാനം മുന്നാക്ക സംവരണം പറഞ്ഞെങ്കിലും ,ഇതുവരെ ഇക്കാര്യത്തിൽ വ്യക്തത വരുത്താനായിട്ടില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
എൻ.എസ്.എസിന് 177.57
കോടിയുടെ സ്വത്ത്.
എൻ.എസ്.എസിന് 177.57 കോടിയുടെ സ്വത്ത്. എൻ.എസ്.എസ്. പ്രസിഡന്റ് അവതരിപ്പിച്ച ഇൻകം ആന്റ് എക്‌സ്‌പെന്റീച്ചർ സ്റ്റേറ്റ്‌മെന്റും, ബുക്ക് വാല്യൂവും അനുസരിച്ചുള്ള കണക്കുകൾ പ്രകാരമാണിത്. ട്രഷറർ അഡ്വ.എൻ.വി. അയ്യപ്പൻപിള്ള അവതരിപ്പിച്ച 121.71 കോടി രൂപ വരവും 96.14 കോടി രൂപ ചെലവും 25.57 കോടി രൂപ നീക്കിയിരിപ്പും 14.74 കോടി രൂപ വരുമാനമിച്ചവും കാണിക്കുന്ന ഇൻകം ആന്റ് എക്‌സ്‌പെന്റീച്ചർ സ്റ്റേറ്റ്‌മെന്റും സമ്മേളനം അംഗീകരിച്ചു. മുൻ പ്രസിഡന്റ് പി.എൻ.നരേന്ദ്രനാഥൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ചു.