എം.ജി. പ്രഥമ വൈസ് ചാൻസലർ ഡോ.എ.ടി.ദേവസ്യ അന്തരിച്ചു

Thursday 29 September 2022 3:49 AM IST
devasya

പാലാ: പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമരസേനാനിയും മഹാത്മാഗാന്ധി സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറുമായ ഡോ.എ.ടി. ദേവസ്യ (94) അന്തരിച്ചു. പാലാ കൂട്ടിയാനിയിൽ പരേതയായ മറിയക്കുട്ടിയാണ് ഭാര്യ. മക്കൾ: മേരി ദേവസ്യ, ടിമ്മി ദേവസ്യ, ഡോ.റസ്സി ദേവസ്യ (എല്ലാവരും യു.എസ്. എ.). മരുമക്കൾ: ഡോ.സജു ഈപ്പൻ കുരിശുംമൂട്ടിൽ, സുമിത തേവര്‍കാട്ട്, ഡോ.ജഫ് ആൻഡേഴ്‌സൺ (എല്ലാവരും യു.എസ്.എ.). മൃതദേഹം നാളെ വൈകിട്ട് 5 ന് 12-ാം മൈലിലുള്ള വസതിയിൽ കൊണ്ടുവരും. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിൽ അന്ത്യാളം സെന്റ് മാത്യൂസ് പള്ളിയിൽ നടക്കും.

അറയ്ക്കൽ തൊമ്മന്റെയും മറിയത്തിന്റെയും മകനായി പാലാ അന്ത്യാളത്ത് 1928 മാർച്ച് 20 നാണ് ദേവസ്യ ജനിച്ചത്. ബിരുദാനന്തര ബിരുദത്തിനുശേഷം അമേരിക്കയിൽ നിന്ന് ഡോക്ടറേറ്റ് നേടി. അമേരിക്കയിലെ വിവിധ സർവകലാശാലകളിലും തേവര സേക്രട്ട് ഹാർട്ട് കോളേജ്, പാലാ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലും അദ്ധ്യാപകനായിരുന്നു. 1984ലാണ് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറായത്.