മുഖ്യമന്ത്രിയുടെ വീട്ടിലെ തൊഴുത്ത് നിർമ്മാണം തുടങ്ങി, പശുക്കൾക്ക് പാട്ടുകേൾക്കാൻ മ്യൂസിക്ക് സിസ്റ്റവും, ചെലവ് 42.90 ലക്ഷം രൂപ

Thursday 29 September 2022 10:51 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യാേഗിക വസതിയായ ക്ളിഫ് ഹൗസിൽ കാലിത്തൊഴുത്തിന്റെയും ചുറ്റുമതിലിന്റെയും നിർമ്മാണം തുടങ്ങി. പശുക്കൾക്ക് പാട്ടുകേൾക്കുന്നതിനുള്ള മ്യൂസിക്ക് സിസ്റ്റവും തൊഴുത്തിൽ സ്ഥാപിക്കും എന്നാണ് അറിയുന്നത്. 42.90 ലക്ഷം രൂപയാണ് തൊഴുത്തിന്റെയും ചുറ്റുമതിലിന്റെയും നിർമ്മാണത്തിനായുള്ള മൊത്തം ചെലവ്, രണ്ടുമാസത്തിനകം നിർമ്മാണം പൂർത്തിയാക്കണമെന്ന കർശന നിർദ്ദേശമാണ് പൊരുമരാമത്ത് വകുപ്പ് കരാറുകാരന് നൽകിയിരിക്കുന്നത്.

നിലവിൽ ക്ളിഫ് ഹൗസിലെ താെഴുത്തിൽ അഞ്ച് പശുക്കളുണ്ട്. ഇതിന് പുറമേയാണ് ആറുപശുക്കൾക്കായി പുതിയ തൊഴുത്ത് നിർമ്മിക്കുന്നത്. തൊഴുത്ത് വൈദ്യുതീകരിക്കുന്നതിനായി പ്രത്യേകമായി തുക വകയിരുത്തിയിട്ടുണ്ട്. 800 ചതുരശ്രയടിയിലാണ് പുതിയ തൊഴുത്ത് നിർമ്മിക്കുന്നത്. ജോലിക്കാർക്ക് വിശ്രമിക്കാനും കാലിത്തീറ്റയുൾപ്പടെയുള്ളവ സൂക്ഷിക്കാനുമായി പ്രത്യേക മുറികളുമുണ്ടാവും. നിലവിൽ ഒറ്റനില മന്ദിരമാണ് നിർമ്മിക്കുന്നതെങ്കിലും ഫൗണ്ടേഷൻ ഇരുനില മന്ദിരത്തിനുവേണ്ടിയുള്ളതാണ്. ഭാവിയിൽ മുകൾ നിലയിൽ ക്ളിഫ് ഹൗസിലെ ജീവനക്കാർക്കായി പ്രത്യേക ക്വാർട്ടേഷ്സ് പണിയുകാണ് ലക്ഷ്യം.

ക്ളിഫ് ഹൗസിന് ചുറ്റുമതിലുണ്ടെങ്കിലും കോമ്പൗണ്ടിന് ചുറ്റുമുള്ള മതിലിൽ പലയിടത്തും

പൊളിഞ്ഞുവീണ സ്ഥലങ്ങൾ തകര ഷീറ്റ് വച്ച് മറച്ച നിലയിലാണ്. ഒരാൾക്ക് നിഷ്പ്രയാസം കടക്കാവുന്ന നിലയിൽ മതിലിന് ഉയരവും കുറവാണ്. സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് കെട്ടിട വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമാണ് പുതിയ ചുറ്റുമതിലിന് പദ്ധതി തയ്യാറാക്കിയത്.

ക്ളിഫ് ഹൗസ് കോമ്പൗണ്ടിന് ചുറ്റും റസിഡൻഷ്യൽ ഏരിയയായതിനാൽ ഇതുവഴി ആർക്കും ക്ളിഫ് ഹൗസിൽ പ്രവേശിക്കാം. സിൽവർ ലൈൻ വിരുദ്ധ സമരത്തിന്റെ ഭാഗമായി യുവമോ‌ർച്ച പ്രവർത്തകർ ക്ളിഫ് ഹൗസ് കോമ്പൗണ്ടിൽ കടന്ന് സിൽവർലൈൻ അതിർത്തിക്കല്ല് സ്ഥാപിച്ച് പ്രതിഷേധിച്ചത് വൻ ഒച്ചപ്പാടിന് വഴി വച്ചിരുന്നു.ഇതേതുടർന്നാണ്,പൊലീസ് സുരക്ഷാ ഭീഷണി സംബന്ധിച്ച റിപ്പോ‌ർട്ട് ആഭ്യന്തര വകുപ്പിന് കൈമാറിയത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും പട്രോളിംഗും ക്ളിഫ് ഹൗസിൽ സജ്ജീകരിച്ചിട്ടുണ്ട്.കാലപ്പഴക്കമുള്ള തൊഴുത്തും അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയിരുന്നു.

Advertisement
Advertisement