30 കോടി രൂപ മൂല്യമുള്ള രാജാ രവിവർമ്മയുടെ 'നിധി' തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ കണ്ടെത്തി

Thursday 29 September 2022 3:57 PM IST

തിരുവനന്തപുരം: ഇതിഹാസ ചിത്രകാരൻ രാജാ രവിവർമ്മയുടെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ചിത്രങ്ങൾ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ പുനർജന്മം കാത്തിരിക്കുന്നു. നിലവിൽ പ്രിൻസിപ്പലിന്റെ മുറിയിലാണ് ചിത്രങ്ങൾ സൂക്ഷിച്ചിട്ടുള്ളത്. രവിവർമ്മ വരച്ച നാലോളം ചിത്രങ്ങളാണ് ഇവിടെയുള്ളത്. ഇതിൽ അദ്ദേഹത്തിന്റെ കൈയൊപ്പും വരച്ച വർഷവും രേഖപ്പെടുത്തിയിട്ടുള്ളത് ഒരെണ്ണത്തിൽ മാത്രമാണ്. കോളേജിന്റെ ആദ്യ പ്രിൻസിപ്പളായ ജോൺ റോസിന്റെ ചിത്രത്തിലാണ് രവി വർമ്മയുടെ കൈയൊപ്പ് വ്യക്തമായി പതിഞ്ഞിട്ടുള്ളത്.

പലയിടത്തായി സൂക്ഷിച്ചിരുന്ന ചിത്രങ്ങളുടെ മൂല്യം മനസിലാക്കിയതോടെയാണ് സുരക്ഷിത സ്ഥാനത്തേക്ക് അവ മാറ്റിയതെന്ന് പ്രിൻസിപ്പൽ സജി സ്‌റ്റീഫൻ കേരളകൗമുദിയോട് പറഞ്ഞു. ചിത്രങ്ങളുടെ സംരക്ഷണത്തിനായി 92 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും അതിന്റെ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പ്രതികരിച്ചു.

നൂറ്റാണ്ടുകൾ പഴക്കമുള്ള ചിത്രങ്ങൾക്ക് പലയിടത്തും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇത് പൂർവ സ്ഥിതിയിലാക്കുക എന്നത് ഏറെ ശ്രമകരമായ ജോലിയാണ്. പക്ഷേ, അത് ഉടൻ ചെയ്‌തില്ലെങ്കിൽ ചിത്രങ്ങൾ തിരികെ കൊണ്ടുവരാൻ കഴിഞ്ഞെന്നുവരില്ലെന്നാണ് വിദഗ്‌ദ്ധരുടെ അഭിപ്രായം.

നാഷണൽ ട്രഷറർ എന്ന വിശേഷണം ലഭിച്ചിട്ടുള്ളതാണ് രവിവർമ്മ ചിത്രങ്ങൾ. കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ രവിവർമ്മ ചിത്രങ്ങൾ മറ്റൊരു രാജ്യത്തേക്കും കൈമാറ്റാം ചെയ്യാൻ കഴിയില്ല. മൈസൂരിലെ ജഗൻ മോഹൻ പാലസ്, നാഷണൽ ഗാലറി ഒഫ് മോഡേൺ ആർട്ട് (ഡൽഹി), ഹൈദരാബാദിലെ സലാർജംഗ് മ്യൂസിയം, നാഷണൽ ആർട്ട് ഗാലറി ചെന്നൈ, ശ്രീചിത്ര ആർട്ട് ഗാലറി, കവടിയാർ കൊട്ടാരം എന്നിവിടങ്ങളിൽ അതീവ സുരക്ഷിതത്തോടു കൂടിയാണ് രവിവർമ്മ ചിത്രങ്ങൾ സൂക്ഷിച്ചിട്ടുള്ളത്. സ്വകാര്യ ശേഖരത്തിലുള്ള ചില ചിത്രങ്ങൾ 25 മുതൽ 30 കോടിക്ക് വരെയാണ് ലേലം കൊണ്ടത്.

രാജ രവിവർമ്മ

1848 ഏപ്രിൽ 29ന് കിളിമാനൂരിലാണ് രാജ രവിവർമ്മ ജനിച്ചത്. ലോകത്തെ വിസ്‌മയിപ്പിച്ച കലാകാരനായി മാറിയ അദ്ദേഹം രണ്ടായിരത്തിലധികം ചിത്രങ്ങൾ വരച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. കവി, ദാർശനികൻ എന്നീ നിലയിലും വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ളയാളാണ് രാജ രവിവർമ്മ. ഒരു കാലത്ത് വരേണ്യവർഗത്തിന്റെ മാത്രം കുത്തകയായിരുന്ന ചിത്രകലയെ ജനകീയവത്കരിക്കുന്നതിന് രവിവർമ്മ ചിത്രങ്ങൾ ചെലുത്തിയ സ്വാധീനം വളരെ വലുതായിരുന്നു. 1906 ഒക്‌ടോബർ 2ന് തന്റെ അൻപത്തിയെട്ടാം വയസിലാണ് രവിവർമ്മ വിട പറഞ്ഞത്.

''എത്രയും പെട്ടെന്നുതന്നെ റീസ്‌റ്റോറേഷൻ നടപടികൾ ആരംഭിക്കണം. ഒരു ചിത്രത്തിന് കുറഞ്ഞത് ആറുമാസമെങ്കിലും വേണ്ടിവരും. കൺസർവേഷൻ ലാബ്, പ്രത്യേകം ക്രമീകരിച്ച ലൈറ്റുകളൊക്ക ഇതിന് ആവശ്യമാണ്. പദ്ധതി പൂർത്തീകരിച്ചാൽ അടുത്ത 300 വർഷത്തേക്ക് ഭയക്കേണ്ടതില്ല''- നാരായണൻ നമ്പൂതിരി, റീസ്‌റ്റോറേഷൻ എക്‌സ്‌പേർട്ട്.

Advertisement
Advertisement