ബുമ്ര ടി20 ലോകകപ്പ് ടീമിൽ നിന്ന് പുറത്ത്,​ പകരക്കാരനാകുന്നത് ഈ രണ്ട് താരങ്ങളിലൊരാൾ

Thursday 29 September 2022 9:23 PM IST

മുംബയ്: ഓസ്ട്രേലിയ ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിനായി തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടിയായി പേസ‌ർ ജസ്പ്രീത് ബുമ്രയുടെ പരിക്ക്. നടുവിന് പരിക്കേറ്റ താരത്തിന് ടി20 ലോകകപ്പ് നഷ്ടമായേക്കുമെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ജൂലൈയിൽ ഇംഗ്ളണ്ടിനെതിരെ നടന്ന ഏകദിന മത്സരത്തിനിടയിൽ നടുവിന് പരിക്കേറ്റ ബുമ്രയ്ക്ക് ഏഷ്യ കപ്പ് മത്സരങ്ങൾ നഷ്ടപ്പെട്ടിരുന്നു. പരിക്ക് ഭേദമായി ഓസ്ട്രേലിയയ്ക്കെതിരെ കഴിഞ്ഞ ആഴ്ച നടന്ന ടി20 മത്സരത്തിൽ പങ്കെടുത്ത താരം ദക്ഷിണാഫ്രിക്കെതിരായുള്ള ടി20 പരമ്പര ടീമിൽ ഇടം പിടിച്ചിരുന്നു. എന്നാൽ തിരുവനന്തപുരം വേദിയായ പരമ്പരയിലെ ആദ്യ മത്സരത്തിനായുള്ള പരിശീലനത്തിനിടയിൽ താരത്തിന് വീണ്ടും നടുവേദന അനുഭവപ്പെടുകയും മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. ബി സി സി ഐ വിഷയത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം നടത്തിയിട്ടില്ലെങ്കിലും താരത്തിനേറ്റ പരിക്ക് ഗുരുതരമാണെന്നും കുറഞ്ഞത് ആറ് മാസത്തെ വിശ്രമം ആവശ്യമായതിനാൽ ടി20 ലോകകപ്പ് കളിക്കാനാകില്ല എന്നും ബി സി സി ഐ പ്രതിനിധി വെളിപ്പെടുത്തിയതായി ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അവസാന ഓവറുകളിൽ ബോളർമാരുടെ സ്ഥിരതയില്ലായ്മ നായകനായ രോഹിത് ശർമയെ അലട്ടുന്നതിനിടയിലാണ് സ്റ്റാർ പേസറായ ബുമ്ര വീണ്ടും പരിക്കിന്റെ പിടിയിലായത്. റിസർവ്വ് ടീമിൽ നിന്നുള്ള മുഹമ്മദ് ഷമി, ദീപക് ചഹാർ എന്നീ താരങ്ങളിൽ ആരെങ്കിലുമാകും ഇന്ത്യൻ ബോളിംഗ് നിരയുടെ നട്ടെല്ലായ ബുമ്രയ്ക്ക് പകരക്കാരനായി ടി20 ലോകകപ്പ് ടീമിലുണ്ടാകുക. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ആദ്യ ടി20 മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ദീപക് ചഹാർ ടീമിൽ ഇടം പിടിക്കാനാണ് കൂടുതൽ സാധ്യത. ഷമിയുമായി താരതമ്യം ചെയ്യുമ്പോഴുള്ള ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനവും താരത്തിന് ഗുണം ചെയ്തേക്കാം.

കാൽമുട്ടിന് പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായതിനെ തുടർന്ന് ആൾറൗണ്ടർ രവീന്ദ്ര ജഡേജ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ടി20 ലോകകപ്പിൽ ഇന്ത്യൻ പേസ് നിരയെ നയിക്കേണ്ടിയിരുന്ന ജസ്പ്രീത് ബുമ്രയും പരിക്കിന് കീഴടങ്ങിയിരിക്കുന്നത്. ‌