ജീവിതശൈലീ രോഗനിയന്ത്രണത്തിന് ഹെൽത്തി വാക്ക്‌വേ: മന്ത്രി വീണാജോർജ്

Friday 30 September 2022 12:00 AM IST

തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും

കായിക,തദ്ദേശ വകുപ്പുകളുമായി സഹകരിച്ച് സ്ഥലം കണ്ടെത്തി ഹെൽത്തി വാക്ക്‌വേ ആരംഭിക്കുമെന്ന് മന്ത്രി വീണാജോർജ്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗവും കേരള ഹാർട്ട് ഫൗണ്ടേഷനും ചേർന്ന് അയ്യങ്കാളി ഹാളിൽ സംഘടിപ്പിച്ച ലോക ഹൃദയദിനാചരണത്തിന്റെ ഉദ്ഘാടന വേദിയിലാണ് മന്ത്രിയുടെ പ്രഖ്യാപനം.

25 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീരോഗ നിർണയ സ്‌ക്രീനിംഗ് നടത്തി സൗജന്യരോഗ നിർണയവും ചികിത്സയും ലഭ്യമാക്കി വരുന്നു. ഹൃദയരോഗ ചികിത്സ ആരോഗ്യവകുപ്പിന് കീഴിലുള്ള ജില്ലാ, ജനറൽ ആശുപത്രികളിൽ നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.

കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭ പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ഡി.ആർ. അനിൽ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.കലാകേശവൻ, മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം മേധാവി ഡോ.കെ. ശിവപ്രസാദ്, പ്രൊഫസർ ഡോ.വി. രാധാകൃഷ്ണൻ, കേരള ഹാർട്ട് ഫൗണ്ടേഷൻ അഡ്മിനിസ്‌ട്രേറ്റർ ബിനോയ് മാത്യു എന്നിവർ പങ്കെടുത്തു.

Advertisement
Advertisement