ഹൃദയം തുറന്ന് ആഘോഷിച്ച് കൊച്ചി മെട്രോ

Friday 30 September 2022 12:15 AM IST

കൊച്ചി: ജീവനക്കാർക്കും യാത്രക്കാർക്കുമായി വിവിധ പരിപാടികളൊരുക്കി ലോകഹൃദയദിനം ആഘോഷിച്ച് കൊച്ചി മെട്രോ. ബേസിക് റെസ്‌പോണ്ടേഴ്‌സ് ടീമിന്റെ സഹകരണത്തോടെ കെ.എം.ആർ.എൽ ജീവനക്കാർക്കായി സി.പി.ആർ പരിശീലന പരിപാടി സംഘടിപ്പിച്ചു. കെ.എം.ആർ.എൽ എം.ഡി ലോക്‌നാഥ് ബെഹ്‌റ ഉൾപ്പെടെ കൊച്ചി മെട്രോയിലെ 450ലേറെ ജീവനക്കാർ പരിശീലനം നേടി. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിന്റെ നേതൃത്വത്തിൽ ജീവനക്കാർക്കായുള്ള ബേസിക് ലൈഫ് സപ്പോർട്ട് ട്രെയിനിംഗും ലോക ഹൃദയദിനത്തിൽ ആരംഭിച്ചു. എം.ജി റോഡ് മെട്രോ സ്റ്റേഷനിൽ നടന്ന പരിപാടി ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്തു.

എയിംസ് ഹൃദ്‌രോഗ വിഭാഗം മേധാവി ഡോ.രാജേഷ് തച്ചതോടിയിൽ, ഡോ.കെ.യു.നടരാജൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. കൊച്ചി മെട്രോയിലെ 50 ജീവനക്കാർക്ക് എയിംസിൽ ഹൃദയസംബന്ധമായ പരിശോധനയ്ക്കുള്ള കൂപ്പണുകൾ ഡോ.കെ.യു.നടരാജൻ കൈമാറി.

ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ ചാവറ കൾച്ചറൽ സെന്ററിന്റെ സഹകരണത്തോടെ വിവിധ കലാപരിപാടികളും ബോധവത്കരണ പരിപാടികളും ഒരുക്കിയിരുന്നു. ലിസി ആശുപത്രിയിലെ ഹൃദ്‌രോഗ വിഭാഗം വിദഗ്ദ്ധൻ ഡോ.ജോ ജോസഫ് ഹൃദയസംബന്ധിയായ രോഗങ്ങളെപ്പറ്റിയും ആരോഗ്യപരിപാലനത്തെക്കുറിച്ചും യാത്രക്കാരോട് സംസാരിച്ചു. ചാവറ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്‌ളാഷ്‌മോബ്, നാടകം എന്നിവയുമുണ്ടായിരുന്നു.

Advertisement
Advertisement