സർട്ടിഫിക്കറ്റ് നൽകാൻ കൈക്കൂലി:വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

Friday 30 September 2022 12:32 AM IST
കൈക്കൂലി കേസിൽഅറസ്റ്റിലായ കൊന്നത്തടി വില്ലേജ് ഓഫീസർ പ്രമോദ്കുമാറിൽനിന്നും വിജിലൻസ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കുന്നു

അടിമാലി: ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് നൽകുന്നതിന് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിലായി. ഇടുക്കി കൊന്നത്തടി വില്ലേജ് ഓഫിസർ കെ.ആർ.പ്രമോദ് കുമാറിനെയാണ് തൊടുപുഴ വിജിലൻസ് ഡിവൈ.എസ്.പി ഷാജു ജോസിന്റെ നേതൃത്വത്തിൽ പിടികൂടിയത്. തിരുവനന്തപുരം നേമം സ്വദേശിയാണ് പ്രമോദ്. വിജിലൻസ് കോട്ടയം മേഖല എസ്.പി വി.ജി.വിനോദ്കുമാറിന്റെ നിർദ്ദേശപ്രകാരമാണ് അറസ്റ്റ്. കൊന്നത്തടി സ്വദേശി നിസാറിൽ നിന്നാണ് വില്ലേജ് ഓഫീസർ കൈക്കൂലി ആവശ്യപ്പെട്ടത്. സ്വയംതൊഴിൽ ലോൺ എടുക്കുന്നതിനായി ബാങ്കിൽ ഹാജരാക്കേണ്ട ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റിനു വേണ്ടി പരാതിക്കാരൻ നിരവധി തവണ ഓഫീസ് കയറിയിറങ്ങിയെങ്കിലും നൽകിയില്ല. രണ്ടു ദിവസം മുമ്പ് സർട്ടിഫിക്കറ്റ് നൽകാൻ 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. 500 രൂപ അഡ്വാൻസായി നൽകി. ബാക്കി തുക ഇന്നലെ ഓഫീസിൽ കൈമാറുന്നതിനിടെയാണ് പ്രമോദ് പിടിയിലായത്. വിജിലൻസ് സി.ഐമാരായ ടിപ്‌സൻ തോമസ്, മഹേഷ് പിള്ള, ജി.രമേഷ്, എസ്.ഐമാരായ ഷാജി, ബി.സുരേഷ്കുമാർ, കെ.എൻ.സുരേഷ്,​ എ.എസ്.ഐമാരായ സഞ്ജയ്, ബേസിൽ, മുഹമ്മദ്, ഷാജികുമാർ, ബിനോയ്, ടി.പി.രഞ്ജിനി എന്നിവരും വിജിലൻസ് സംഘത്തിലുണ്ടായിരുന്നു.