കാൻസർ ബാധിച്ച്  2006ൽ ഡോക്ടർ ആറ് മാസത്തെ ആയുസ് വിധിച്ച  പ്രസാദ് ജീവിതം പോരാട്ടമാക്കി, അതിജീവനത്തിന്റെ  കൈക്കരുത്തിൽ നേടിയത് മിസ്റ്റർ ഇന്ത്യ പട്ടം 

Friday 30 September 2022 11:13 AM IST

തൃശൂർ: തിരുവനന്തപുരം ആർ.സി.സിയിൽ കാൻസർ ചികിത്സ തുടരുമ്പോഴും പുഷ് അപ്പും വെയ്റ്റ് ലിഫ്ടിംഗുമെല്ലാമായി ശരീരത്തിന്റെയും മനസിന്റെയും കരുത്തിനെ ബിൽഡ് ചെയ്യുകയായിരുന്നു കെ.സി. പ്രസാദ്. ഒടുവിൽ, അതിജീവനത്തിന്റെ കൈക്കരുത്തിൽ നേടിയത് മിസ്റ്റർ ഇന്ത്യ പട്ടം..! രണ്ടുവർഷം മുമ്പ് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റായി. 52ാം വയസിൽ തിരക്കുകൾക്കിടയിലും ഈ ജനപ്രതിനിധി രാവിലെ ജിംനേഷ്യത്തിലെത്തും, വർക്ക് ഔട്ടിൽ മുഴുകും.

സ്‌കൂൾ പഠനകാലത്തുതന്നെ ബോഡി ബിൽഡറായിരുന്നു. ജില്ലാ സംസ്ഥാന ദേശീയ തലത്തിലും മാസ്‌റ്റേഴ്സ് മത്സരങ്ങളിലും സമ്മാനങ്ങൾ നേടി. 2006ൽ പെട്ടെന്ന് ശരീരം മെലിയാനും ശബ്ദം നഷ്ടപ്പെടാനും തുടങ്ങി. പരിശോധിച്ചപ്പോൾ തൈറോയ്ഡ് ഗ്രന്ഥിയിൽ കാൻസർ. സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കു ശേഷം ആർ.സി.സിയിലെത്തി. ഡോക്ടർ സങ്കടത്തോടെ പറഞ്ഞത് ആറ് മാസത്തെ ജീവിതകാലാവധി. അന്നേരം കൈക്കുഞ്ഞുമായി ഭാര്യ ആശുപത്രിയുടെ പുറത്തിരിക്കുന്നുണ്ടായിരുന്നു. വേദന കടിച്ചമർത്തി അവർ കരുത്തോടെ കൂടെ നിന്നു. രോഗത്തിന് കീഴടങ്ങില്ലെന്ന വാശിയോടെ പ്രസാദ് ജിംനേഷ്യത്തിലും ശരീരസൗന്ദര്യമത്സരങ്ങളിലും സജീവമായി.

2009 , 2010ൽ സൗത്ത് ഇന്ത്യയും മിസ്റ്റർ ഇന്ത്യയുമായി. രാഷ്ട്രീയപ്രവർത്തനവും തുടർന്നു. പത്ത് വർഷം വാടാനപ്പിളളി പഞ്ചായത്ത് അംഗവും അഞ്ച് വർഷം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വാടാനപ്പള്ളി ഡിവിഷനിൽ നിന്നും ജയിച്ച് തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ സാരഥിയായി.

പത്തരവർഷം സി.പി.എം വാടാനപ്പിള്ളി ലോക്കൽ സെക്രട്ടറിയായിരുന്നു. നാട്ടിക ഏരിയ കമ്മിറ്റി അംഗവുമാണ്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, കെ.എസ്.കെ.ടി.യു, സി.ഐ.ടി.യു ഭാരവാഹിയായിരുന്നു. മണപ്പുറത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവും കെ.എസ്.കെ.ടി.യു ഏരിയ പ്രസിഡന്റും ജില്ലാ ഭാരവാഹിയും കളരിഗുരുക്കളുമായ വാടാനപ്പിള്ളി കടവത്ത് വീട്ടിൽ കെ.വി. ചെറുകണ്ടൻകുട്ടിയുടെയും മാധവിയുടെയും മകനാണ്. സഹോദരൻ കെ.സി. സുരേഷ് ബോഡി ബിൽഡിംഗ് ചാമ്പ്യനായ ശേഷം ബി.എസ്.എഫിലായിരുന്നു. ഭാര്യ: ബിന്ദു(അദ്ധ്യാപിക). മകൻ: ആദിത്യപ്രസാദ് (ബിരുദവിദ്യാർത്ഥി).

ശരീരം സ്വാഭാവികമായി സുന്ദരമാകണം
കൃത്രിമഭക്ഷണങ്ങളോ രാസവസ്തുക്കളോ ഉപയോഗിക്കാതെയാണ് പ്രസാദ് ശരീരസൗന്ദര്യം നേടിയത്. മൂലധനം കഠിനാദ്ധ്വാനവും നിശ്ചയദാർഢ്യവും. മിസ്റ്റർ ഇന്ത്യയായതറിഞ്ഞ് ചികിത്സിച്ച ഡോക്ടറുടെ മകൻ പ്രസാദിന്റെ ഫേട്ടോ വാങ്ങി വീട്ടിൽ സൂക്ഷിച്ചിരുന്നു,

അതിജീവനത്തിന്റെ മോഡലായി.

ജീവിതചര്യ
രാവിലെ അഞ്ചിന് എഴുന്നേറ്റാൽ വ്യായാമം, ഒന്നരമണിക്കൂർ ജിംനേഷ്യത്തിൽ പരിശീലനം.
മൂന്ന് മുട്ടയുടെ വെള്ളയും മൂന്ന് ചപ്പാത്തിയോ ദോശയോ അടങ്ങുന്ന പ്രാതൽ.
ഉച്ചയ്ക്ക് ചോറും കറികളും, ചിലപ്പോൾ ഇറച്ചിയോ മീനോ മാത്രം.
രാത്രി ചപ്പാത്തിയും പച്ചക്കറികളും പഴങ്ങളുമുള്ള സാലഡ്.

ശരീരഭാരം: 84 കി.ഗ്രാം
ഉയരം: 5 അടി 9 ഇഞ്ച്


ലഹരി ജീവിതത്തോടാകണം

കാൻസർ ബാധിച്ചതറിഞ്ഞ് മയക്കുമരുന്നിനും മദ്യത്തിനും പുകവലിക്കും അടിമപ്പെട്ടിരുന്നെങ്കിൽ ആറുമാസത്തിനപ്പുറം ജീവിച്ചിരിക്കില്ലായിരുന്നു. ജീവിതം പോരാട്ടം തന്നെയായിരുന്നു. ലഹരി ജീവിതത്തോടാകണം എന്നതാണ് എനിക്ക് നൽകാനുള്ള സന്ദേശം.

കെ.സി. പ്രസാദ്‌

Advertisement
Advertisement