കാട്ടാക്കട മർദ്ദനം: കെ എസ് ആർ ടി സി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Friday 30 September 2022 3:37 PM IST

തിരുവനന്തപുരം: കാട്ടാക്കട ബസ് ഡിപ്പോയിൽ കൺസെഷൻ പുതുക്കാനെത്തിയ അച്ഛനെയും മകളെയും മർദ്ദിച്ച സംഭവത്തിൽ പ്രതികളായ കെ എസ് ആർ ടി സി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കള്ളിക്കാട് മൈലക്കര മംഗല്യയിൽ മിലൻ ഡോറിച്ച്, ആറാമട തേരിഭാഗം പുലരിയിൽ എസ്. ആർ. സുരേഷ് കുമാർ, കരകുളം കാച്ചാണി ശ്രീശൈലത്തിൽ എൻ. അനിൽ കുമാർ, വീരണക്കാവ് പന്നിയോട് അജിഭവനിൽ അജികുമാർ. എസ്, കു​റ്റിച്ചാൽ ദാറുൾ അമനിൽ മുഹമ്മദ് ഷെരീഫ് എന്നിവരുടെ ജാമ്യാപേക്ഷയാണ് ആറാം അഡീഷനൽ സെഷൻസ് ജഡ്ജ് കെ.വിഷ്ണു തള്ളിയത്.സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ശാസ്ത്രീയമായി പരിശോധിക്കുന്നതിന് പ്രതികളിൽ നിന്നും ശബ്ദവും ദൃശ്യങ്ങളും ശേഖരിക്കേണ്ടതുണ്ടെന്നും ഇതിനായി പ്രതികളുടെ കസ്റ്റഡി വേണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു.

മകളുടെ മുന്നിലിട്ട് അച്ഛനെ ക്രൂരമായി മർദ്ദിച്ചെന്നും തടയാൻ ശ്രമിച്ച വിദ്യാർത്ഥിനിയായ മകളെയും മർദ്ദിച്ചെന്നുമാണ് കേസ്.ഇക്കഴിഞ്ഞ 20നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ബിരുദ വിദ്യാർത്ഥിനിയായ മകൾ രേഷ്മയുടെ കൺസെഷൻ ടിക്കറ്റ് പുതുക്കി വാങ്ങാനാണ് പൂവച്ചൽ പഞ്ചായത്ത് ജീവനക്കാരൻ ആമച്ചൽ സ്വദേശി പ്രേമനൻ എത്തിയത്. രേഷ്മയും ഒപ്പമുണ്ടായിരുന്നു. കൺസെഷൻ ലഭിക്കാൻ കോഴ്സ് സർട്ടിഫിക്കറ്റ് വേണമെന്ന് കൗണ്ടറിലിരുന്ന ജീവനക്കാരൻ പറഞ്ഞു. ഇതിനെത്തുടർന്നുള്ള വാക്കുതർക്കത്തിനൊടുവിൽ പ്രേമനനെ വളഞ്ഞിട്ടു തല്ലുകയായിരുന്നു.

സംഭവം നടന്നിട് ഏറെ ദിവസമായെങ്കിലും പ്രതികളെ ഇതുവരെ അറസ്റ്റുചെയ്തിട്ടില്ല. അതിനിടെ പ്രതികളെ ന്യായീകരിച്ചുകൊണ്ട് സി ഐ ടി യു രംഗത്തെത്തിയിരുന്നു.