ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് ! ക്രെഡിറ്റ് കാർഡ് നിയമങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ, നാളെ മുതൽ പ്രാബല്യത്തിൽ

Friday 30 September 2022 7:29 PM IST

ക്രെഡിറ്റ് കാർഡ് ഡെബിറ്റ് കാർഡ് എന്നിവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് പുതിയ മാർഗനിർദേശങ്ങൾ നടപ്പിലാക്കാനൊരുങ്ങുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2022 ഏപ്രിലിൽ പുറപ്പെടുവിച്ച നിർദേശങ്ങൾ ഒക്ടോബർ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വരിക. ക്രെഡിറ്റ് കാർഡ് ഡെബിറ്റ് കാർഡ് സേവനങ്ങൾ കൂടുതൽ സുരക്ഷിതവും ഉപഭോക്തൃ സൗഹൃദവുമാക്കുന്നവയാണ് ക്രെഡിറ്റ് കാർഡ് റദ്ദാക്കൽ, ബില്ലിംഗ് മുതലായ പുതിയ നിയമങ്ങൾ. ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട പുതിയ നിയമങ്ങൾ താഴെ പറയുന്നവയാണ്.

♦ഉപഭോക്താവിന്റെ സമ്മതപ്രകാരം മാത്രമുള്ള ക്രെഡിറ്റ് കാർഡ് ആക്ടിവേഷൻ

ക്രെഡിറ്റ് കാർഡ് അനുവദിച്ച് 30 ദിവസത്തിനകം ഉപഭോക്താവ് ക്രെഡിറ്റ് കാർഡിന്റെ ആക്ടിവേഷൻ നടത്തിയിട്ടില്ലെങ്കിൽ, കാർഡ് ആക്ടിവേറ്റ് ചെയ്യാൻ ഉപഭോക്താവിന്റെ സമ്മതം തീർച്ചയായും നേടിയിരിക്കണം. ഇതിനായി ഒടിടി പാസ്‌വേഡ് വഴി കാർഡ് ഇഷ്യൂ ചെയ്യുന്നവർ ഉപഭോക്താവിൽ നിന്ന് സമ്മതം നേടണം. ഉപഭോക്താവിൽ നിന്നും സ്ഥിരീകരണം ഉണ്ടായില്ലെങ്കിൽ ഏഴ് പ്രവൃത്തി ദിനങ്ങൾക്കുള്ളിൽ ഏതൊരു വിധത്തിലുള്ല ഫീസും ഉപഭോക്താവിൽ നിന്നും ഈടാക്കാതെ തന്നെ ക്രെഡിറ്റ് കാർഡ് അക്കൗണ്ട് ക്ളോസ് ചെയ്ത് നൽകേണ്ടതാണ്.

♦ക്രെഡിറ്റ് പരിധി നിശ്ചയിക്കൽ

ക്രെഡിറ്റ് കാർഡ് ഉടമയുടെ സമ്മതമില്ലാതെ കാർഡ് അനുവദിക്കുന്നവർക്ക് ക്രെഡിറ്റ് പരിധി വർധിപ്പിക്കാനാകില്ല. ബാങ്കുകളോ ഇതര സ്ഥാപനങ്ങളോ നിലവിൽ അനുവദിച്ചിട്ടുള്ള ക്രെഡിറ്റ് കാർഡിന്റെ ക്രെഡിറ്റ് പരിധി ഇത്തരത്തിൽ ലംഘിക്കപ്പെടുന്നില്ല എന്ന് കാർഡ് നൽകുന്നവർ ഉറപ്പ് വരുത്തണം.

♦ക്രെഡിറ്റ് കാർഡിന്റെ പലിശനിരക്ക്

ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളിൽ നിന്ന് അനാവശ്യമായ പലിശ ഈടക്കരുത്. ഇത് പ്രകാരം ക്രെഡിറ്റ് കാർഡിലെ കുടിശ്ശികയ്ക്ക് മുകളിൽ അധികമായ കൂട്ടുപലിശ ഈടാക്കപ്പെടുന്നത് തടയും. കുടിശ്ശിക കൂടുന്നതിനനുസരിച്ച് പലിശയിൽ വർധന വരുത്താൻ സാധിക്കില്ല.

ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് കൊണ്ടുള്ള ഓൺലൈൻ,​ ഫിനാൻസ് ആപ്പുകൾ മുഖേനയുള്ള സാമ്പത്തിക ഇടപാടുകളുടെ സുരക്ഷ വർധനയ്ക്കായി സെപ്തംബർ 30 മുതൽ ടോക്കണൈസേഷൻ സംവിധാനം കേന്ദ്ര സർക്കാർ നിർബന്ധമാക്കിയതിന് പിന്നാലെയാണ് ക്രെഡിറ്റ് കാർഡുകളുടെ ആക്ടിവേഷനും പലിശനിരക്കും സംബന്ധിച്ച് പുതിയ നിയമങ്ങളും പ്രാബല്യത്തിൽ വരുന്നത്.