ഒടുവിൽ, ബാദ്ധ്യതകൾ വീട്ടി ലേമാൻ ബ്രദേഴ്‌സ്

Saturday 01 October 2022 3:09 AM IST

 നടപടികൾ പൂർത്തിയായത് 14 വർഷംകൊണ്ട്

ന്യൂയോർക്ക്: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കടക്കെണിയിൽ അകപ്പെട്ട കമ്പനിയെന്ന ചീത്തപ്പേര് നേടുകയും ലോകരാജ്യങ്ങളെയാകെ കടുത്ത സാമ്പത്തികമാന്ദ്യത്തിലേക്ക് തള്ളുകയും ചെയ്‌ത അമേരിക്കൻ ധനകാര്യ, റിയൽഎസ്‌റ്റേറ്റ് സ്ഥാപനമായ ലേമാൻ ബ്രദേഴ്‌സ് ഒടുവിൽ ബാദ്ധ്യതകൾ പൂർണമായി തീർത്തു. അമേരിക്കയിലെ നാലാമത്തെ വലിയ നിക്ഷേപക ബാങ്കായിരുന്ന ലേമാൻ ബ്രദേഴ്‌സ് നീണ്ട 14 വർഷവും 13 ദിവസവുംകൊണ്ടാണ് ബാദ്ധ്യതകൾ വീട്ടിയത്.

വായ്‌പകൾ യാതൊരു സുരക്ഷയുമില്ലാതെ വാരിക്കോരി കൊടുക്കുകയും അവയിൽ ഒട്ടുമിക്കതും കിട്ടാക്കടമാവുകയും ചെയ്‌തതോടെ 2008ലാണ് ലേമാൻ ബ്രദേഴ്‌സ് പാപ്പർ ഹർജി നൽകിയത്. ബാലൻസ്‌ഷീറ്റ് മെച്ചപ്പെട്ടതാണെന്ന് കാണിക്കാൻ കമ്പനി വൻതിരിമറികൾ നടത്തിയതും തിരിച്ചടിയായി.

കമ്പനി പാപ്പർ ഹർജി നൽകിയതോടെ പതിനായിരങ്ങൾക്ക് തൊഴിൽ നഷ്‌ടമായി. പലർക്കും വീടും ജീവിതവും നഷ്‌ടപ്പെട്ടു. ഇത് മറ്റ് കമ്പനികളെയും അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെയും സാരമായി ബാധിച്ചു. അമേരിക്കയുടെ തളർച്ച ആഗോളതലത്തിൽ പകർച്ചവ്യാധികണക്കെ വീശിയടിച്ചതോടെ ലോകരാജ്യങ്ങളെല്ലാം സാമ്പത്തികമാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

വീട്ടിയത് $11,500 കോടി

ലേമാൻ ബ്രദേഴ്‌സ് 11,500 കോടി ഡോളറിന്റെ (ഏകദേശം 9.4 ലക്ഷം കോടി രൂപ) ബാദ്ധ്യതകളാണ് വീട്ടിയത്. കമ്പനിയുടെ ഉപഭോക്താക്കളായിരുന്ന 1.11 ലക്ഷം പേർക്കായി 10,600 (8.65 ലക്ഷം കോടി രൂപ) കോടി ഡോളർ നൽകി. കമ്പനിക്ക് വായ്‌പനൽകിയ സ്ഥാപനങ്ങൾക്ക് 940 കോടി ഡോളറും (77,000 കോടി രൂപ) തിരിച്ചുനൽകി. യു.എസ് ബാങ്ക്‌റപ്‌റ്റ്‌സി ജഡ്‌ജി ഷെല്ലി ചാപ്‌മാന്റെ നേതൃത്വത്തിലാണ് ലിക്വിഡേഷൻ (ബാദ്ധ്യത വീട്ടൽ) നടപടികൾ പൂർത്തിയാക്കിയത്.