തനിച്ചായവർ 6000

Saturday 01 October 2022 12:11 AM IST

പത്തനംതിട്ട : മക്കൾ പ്രവാസികളായവർ, അടുത്ത ബന്ധുക്കൾ മരിച്ച് പോയവർ, ഉപേക്ഷിച്ച് പോയവർ എന്നിങ്ങനെ തനിച്ചായവർ ആറായിരം പേർ ജില്ലയിലുണ്ട്. കണക്കിൽപ്പെടാത്തവർ വേറെയും. ജില്ലയിൽ ഒറ്റത്തടിയായി ജീവിക്കേണ്ടിവരുന്നവരാണിവർ. ഭാര്യ മരിച്ചതും ഭർത്താവ് മരിച്ചതും മക്കൾ ഉപേക്ഷിച്ച് പോയവരുമെല്ലാം ഇക്കൂട്ടത്തിൽപ്പെടും. ആകെ ജില്ലയിൽ രണ്ടേകാൽ ലക്ഷം വയോജനങ്ങളാണുള്ളത്. നിരവധി പേർ വലിയ വീട്ടിൽ തനിയെ താമസിക്കുന്നുണ്ട്. ചെറുതല്ലാതെ ഒരു വിഭാഗം അതിക്രമങ്ങൾ നേരിടുന്നവരുമുണ്ട്. മരണം സംഭവിച്ചാൽ പോലും പുറത്തറിയുന്നത് വളരെ വൈകിയാകുന്ന സംഭവങ്ങളും ജില്ലയിലുണ്ടാകുന്നു. അതേസമയം നിരവധി പദ്ധതികൾ വ‌യോജനങ്ങൾക്കായി സർക്കാർ തലത്തിൽ നടപ്പാക്കുന്നുണ്ട്.

വയോരക്ഷാ

സാമൂഹിക സാമ്പത്തിക ശാരീരികമായ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന വയോജനങ്ങൾക്ക് അടിയന്തിര സാഹചര്യങ്ങളിൽ സഹായമെത്തിക്കുന്നതിനുള്ള പദ്ധതി. ബി.പി.എൽ കുടുംബങ്ങളിലെ വൃദ്ധർക്കായുള്ള പദ്ധതിയാണിത്.

വയോ മധുരം

മുതിർന്ന പൗരൻമാർക്ക് ഗ്ലൂക്കോമീറ്റർ ഉപകരണം സൗജന്യമായി ലഭിക്കുന്നതിനുള്ള പദ്ധതി.

മന്ദഹാസം

സൗജന്യമായി കൃത്രിമ ദന്തനിര വച്ച് കൊടുക്കുന്ന പദ്ധതി.

വയോ അമൃത

വൃദ്ധസദനങ്ങളിലെ താമസക്കാരായവർക്ക് ആയൂർവേദ ചികിത്സ ലഭ്യമാക്കുന്നതിനായുള്ള പദ്ധതി.

വയോമിത്രം

വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണ പരിപാലനത്തിന് പ്രത്യേക ശ്രദ്ധ നൽകി കൊണ്ട് ആരംഭിച്ച നൂതന പദ്ധതിയാണ് വയോമിത്രം. ആദ്യഘട്ടമെന്ന നിലയിൽ മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കി വരുന്നത്. സൗജന്യമരുന്നുകൾ ലഭ്യമാക്കുക. ഡോക്ടർ, നഴ്സ് സേവനം ലഭ്യമാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ.

സായംപ്രഭാ ഹോം

ജില്ലയിൽ മൂന്ന് സായംപ്രഭാ ഹോം അനുവദിച്ചിരുന്നു. 2.80 ലക്ഷം രൂപയുടെ നിർമ്മാണമായിരുന്നു അത്. കൊവിഡ് കാരണം ആരംഭിക്കാൻ സാധിച്ചില്ല. പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് പദ്ധതി. മലയാലപ്പുഴ ബ്ലോക്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച പകൽ പരിപാലന കേന്ദ്രം സായംപ്രഭാ ഹോമാക്കാൻ സാമൂഹ്യനീതി വകുപ്പിന് കത്ത് ലഭിച്ചിട്ടുണ്ട്. ഇത് അനുമതിയ്ക്കായി ഉന്നതാധികാരികൾക്ക് കൈമാറിയിട്ടുണ്ട്.

വൃദ്ധസദനം

സർക്കാർ : 1

വിവിധ എൻ.ജി.ഒ : 36

Advertisement
Advertisement