ബഫർസോൺ: ഫീൽഡ് പരിശോധനയ്‌ക്ക് വിദഗ്ദ്ധ സമിതിയെ നിശ്ചയിച്ച് ഉത്തരവിറങ്ങി

Saturday 01 October 2022 12:00 AM IST

തിരുവനന്തപുരം: വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ എന്നിവയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ വരുന്ന ബഫർ സോണിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങൾ, വീടുകൾ, മറ്റ് നിർമ്മാണങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിന് ഫീൽഡ് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ധ സമിതിയെ നിശ്ചയിച്ച് ഉത്തരവിറങ്ങി. റിട്ട. ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ ചെയർമാനായ സമിതിയിൽ പരിസ്ഥിതി, തദ്ദേശ വകുപ്പുകളിലെ അഡി. ചീഫ് സെക്രട്ടറിമാർ, വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, വനംവകുപ്പ് മുൻ മേധാവി ജയിംസ് വർഗീസ് എന്നിവരാണ് അംഗങ്ങൾ. ഒരു മാസത്തിനകം ഇടക്കാല റിപ്പോർട്ടും മൂന്നു മാസത്തികം അന്തിമ റിപ്പോർട്ടും നല്കണമെന്നുമാണ് ഉത്തരവ്.

സമിതിയ്ക്ക് സാങ്കേതിക സഹായം നൽകാൻ മറ്റൊരു സമിതിയും രൂപീകരിച്ചു. വിജിലൻസ് ആൻഡ് ഫോറസ്റ്റ് ഇന്റലിജൻസ് അഡിഷണൽ പി.സി.സി.എഫ് പ്രമോദ് ജി. കൃഷ്ണൻ, ഭൂമിശാസ്ത്ര അദ്ധ്യാപകൻ ഡോ.റിച്ചാർഡ് സ്‌കറിയ, കേരള ജൈവ വൈവിദ്ധ്യ ബോർഡ് മെമ്പർസെക്രട്ടറി ഡോ.സന്തോഷ് കുമാർ എ.വി, കില ഡയറക്ടർ ജനറൽ ഡോ.ജോയ് ഇളമൺ എന്നിവരാണ് അംഗങ്ങൾ.ആവശ്യമായ ഫീൽഡ് പരിശോധന നടത്തി ലഭിക്കുന്ന അന്തിമ റിപ്പോർട്ട് പരിശോധിച്ച ശേഷമാകും സുപ്രീംകോടതിയിൽ സമർപ്പിക്കുക. ബഫർ സോണിലെ ജനസാന്ദ്രതയും നടപ്പാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും സുപ്രീംകോടതിയെ ധരിപ്പിക്കാൻ വിദഗ്ദ്ധ സമിതി റിപ്പോർട്ട് ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.

Advertisement
Advertisement