ലഹരി വിരുദ്ധ ക്യാമ്പയിനിൽ എല്ലാവരും പങ്കാളികളാകണം: മന്ത്രി വി. ശിവൻകുട്ടി

Saturday 01 October 2022 1:49 AM IST

തിരുവനന്തപുരം: ഒക്ടോബർ 2 മുതൽ നവംബർ ഒന്നു വരെ നീണ്ടുനിൽക്കുന്ന തീവ്രലഹരിവിരുദ്ധ കാമ്പയിനിൽ മുഴുവൻ വിദ്യാർത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും ഭാഗമാകണമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വിദ്യാലയങ്ങൾക്ക് അവധിയാണെങ്കിലും പരിപാടികൾ നടത്തണം.

ഗാന്ധിജയന്തി ദിനത്തിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ പ്രചാരണബോർഡുകൾ വിദ്യാലയ സമിതികൾ മുൻകൈയെടുത്ത് സ്ഥാപിക്കണം. ഒക്ടോബർ 6, 7 തീയതികളിൽ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ പരിപാടികൾ വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പി.ടി.എ, എം.പി.ടി.എ, വികസന സമിതി തുടങ്ങിയവർ നേതൃത്വം നൽകണം. ഒരു മാസക്കാലം വിദ്യാർത്ഥികൾക്കിടയിൽ ശക്തമായ ബോധവത്കരണ പ്രവർത്തനങ്ങളുണ്ടാകണം. നവംബർ ഒന്നിന് വൈകിട്ട് 3 മുതൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരി വിരുദ്ധ ശൃംഖല വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നേരത്തെ തന്നെ നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement