വധശ്രമക്കേസ്: പ്രതികളെ താൻ തിരിച്ചറിഞ്ഞില്ലെന്ന് ഉമ്മൻചാണ്ടി

Saturday 01 October 2022 1:54 AM IST

കണ്ണൂർ: മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരിലെത്തിയ തന്നെ കല്ലെറിഞ്ഞ കേസിലെ പ്രതികളെ സംഭവ സമയത്ത് താൻ തിരിച്ചറിഞ്ഞില്ലെന്ന് കണ്ണൂർ അസി. സെഷൻസ് കോടതിയിലെ സാക്ഷി വിസ്താരത്തിൽ ഉമ്മൻചാണ്ടി മൊഴി നൽകി. മുൻ മന്ത്രി കെ.സി.ജോസഫിനേയും വിസ്തരിച്ചു.

കേസിൽ ഉമ്മൻചാണ്ടി 175-ാം സാക്ഷിയും കെ.സി. ജോസഫ് 84-ാം സാക്ഷിയുമാണ്.ചുറ്റും ബഹളവും ആൾക്കൂട്ടവുമായിരുന്നതിനാൽ, അക്രമി സംഘത്തിൽ തന്നെ കല്ലെറിഞ്ഞത് ആരാണെന്ന് മനസ്സിലായിട്ടില്ലെന്നാണ് ഉമ്മൻചാണ്ടി ജഡ്ജി രാജീവൻ വാച്ചാലിന്റെ മുന്നിൽ മൊഴി നൽകിയത്. സമാനമായ രീതിയിലായിരുന്നു കെ.സി.ജോസഫിന്റെയും മൊഴി .

2013 ഒക്‌ടോബർ 27നായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂർ പൊലീസ് മൈതാനിയിൽ നടന്ന പൊലീസ് അത്‌ലറ്റിക് മീറ്റ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു ഉമ്മൻചാണ്ടിക്ക് നേരെ ആക്രമണമുണ്ടായത്. അക്രമത്തിൽ ഉമ്മൻചാണ്ടിക്കും വാഹനത്തിലുണ്ടായിരുന്ന കെ.സി. ജോസഫ്, ടി.സിദ്ദീഖ് എന്നിവർക്കും പരിക്കേറ്റിരുന്നു. കല്ലെറിയുകയും വധിക്കുകയെന്ന ഉദ്ദേശ്യത്തോടെ സംഘം ചേർന്ന് ആക്രമിക്കുകയുമായിരുന്നുവെന്നാണ് കണ്ണൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകൾ ഉൾപ്പെടെ 160 ഓളം പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. മുൻ എം.എൽ.എമാരായ സി.കൃഷ്ണൻ, കെ.കെ.നാരായണൻ എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, തിരുവനന്തപുരം എ.കെ.ജി സെന്റർ ഓഫിസ് സെക്രട്ടറി ബിജു കണ്ടക്കൈ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. കേസിൽ ആകെ 240 സാക്ഷികളാണുള്ളത്. ഇതിൽ 38 സാക്ഷികളുടെ വിസ്താരം പൂർത്തിയായി. കേസിൽ നേരിട്ട് ഹാജരാകാൻ ഉമ്മൻചാണ്ടി, കെ.സി.ജോസഫ്, ടി.സിദ്ദീഖ് എന്നിവർക്കടക്കം കോടതി നോട്ടീസ് നൽകിയിരുന്നു. ഇന്നലെ ഹാജരാകാതിരുന്ന ടി. സിദ്ദിഖിന്റെ വിസ്താരം പിന്നീട് നടക്കും. .പ്രതിപ്പട്ടികയിലുള്ള 90 ഓളം സി.പി.എം പ്രവർത്തകർ ഇന്നലെ ഹാജരായി. കേസിൽ പ്രതിസ്ഥാനത്തുള്ള അഡ്വ.നിസ്സാർ അഹമ്മദ് ഉൾപ്പെടെ നാലു പേർ മരിച്ചു.