മലയാളം അക്കങ്ങൾ ഉൾപ്പെടുത്തൽ, പ്രാഥമിക നടപടികൾ തുടങ്ങിയില്ല

Saturday 01 October 2022 2:13 AM IST

തിരുവനന്തപുരം: മലയാളം അക്ഷരമാലയ്ക്കു പിന്നാലെ അക്കങ്ങൾ കൂടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി ഉറപ്പ് നൽകിയെങ്കിലും കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം വൈകും. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ കരട് റിപ്പോർട്ടിനുള്ള തയ്യാറെടുപ്പിലാണ് വിദ്യാഭ്യാസ വകുപ്പും എസ്.സി.ഇ.ആർ.ടിയുമെന്നതിനാൽ അക്കങ്ങൾ ഉൾപ്പെടുത്താനുള്ള പ്രാഥമിക നടപടികളിലേക്ക് പോലും കടന്നിട്ടില്ല. അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള പുസ്തകങ്ങളുടെ ഒന്നാം വാല്യം ഡിസംബറിൽ അച്ചടി തുടങ്ങുമെന്നതിനാൽ അതിനകം അംഗീകാരം ലഭിക്കാൻ സാദ്ധ്യതയില്ല.

ഇക്കഴിഞ്ഞ 18ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ ആവശ്യപ്രകാരമാണ് അടുത്ത അദ്ധ്യയന വർഷം മുതൽ മലയാളം അക്കങ്ങളും പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞത്. മലയാളം അക്കങ്ങൾ അറിഞ്ഞിരുന്നാൽ ചരിത്ര രേഖകളും മറ്റും മനസ്സിലാക്കാൻ എളുപ്പമാകും. സർക്കാർ കലണ്ടറുകളിലും ഡയറികളിലും മലയാളം അക്കങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

പാഠപുസ്തകങ്ങളിൽ കൂട്ടിച്ചേർക്കലും മാറ്റങ്ങളും വരുത്തണമെങ്കിൽ കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം വേണം. മലയാളം അക്കങ്ങളെക്കുറിച്ച് പഠിക്കാനും മറ്റുമായി എസ്.സി.ഇ.ആർ.ടി ചുമതലപ്പെടുത്തുന്ന കമ്മിറ്റി നൽകുന്ന റിപ്പോർട്ടനുസരിച്ചായിരിക്കും നടപടികൾ.

Advertisement
Advertisement