അഭിമാന നേട്ടത്തോടെ അഭിജിത്ത് അമൽ രാജ്

Saturday 01 October 2022 3:52 AM IST

പത്തനംതിട്ട : റോളർ സ്കേറ്റിംഗിൽ ഉയരങ്ങളിലെത്തണമെന്ന പിതാവിന്റെ നടക്കാതെ പോയ സ്വപ്നം യാഥാർത്ഥ്യമാക്കിയ മകനാണ് ഈ വർഷത്തെ ദേശീയ ഗെയിംസിൽ സ്വർണം നേടിയ അഭിജിത്ത് അമൽ രാജ്. റോളർ സ്കേറ്റിംഗിലെ ഇൻലെയ്ൻ അർട്ടിസ്റ്റികിൽ നിലവിലെ ലോക ജൂനിയർ ചാമ്പ്യനാണ് അഭിജിത്ത് . ഒക്ടോബർ 24 ന് അർജന്റീനയിൽ നടക്കുന്ന ലോക സീനിയർ ചാമ്പ്യൻഷിപ്പിനുള്ള തയ്യാറെടുപ്പിനിടെയാണ് ദേശീയ ഗെയിംസിലെ സുവർണ നേട്ടം. പ്രമാടം അഭിനന്ദനം വീട്ടിൽ ബിജുരാജിന്റെ മകനാണ്. വിദ്യാർത്ഥിയായിരിക്കുമ്പോൾ റോളർ സ്കേറ്റിംഗ് പഠിക്കണമെന്നത് ബിജുരാജിന്റെ ആഗ്രഹമായിരുന്നു. എന്നാൽ, സാമ്പത്തിക ബുദ്ധിമുട്ട് കാരണം ബിജുരാജിന്റെ പിതാവ് രാജൻ പിന്തിരിപ്പിച്ചു. പിൻമാറാൻ മനസില്ലായിരുന്ന ബിജുരാജ് കാലങ്ങൾക്കിപ്പുറം റോള‌ർ സ്കേറ്റിംഗ് പഠിച്ച് മകന്റെ പരിശീലകനുമായി.

ഇരുപത്തൊന്നുകാരനായ അഭിജിത് അമൽരാജ് 2019 മുതൽ തുടർച്ചയായി ലോക റോളർ സ്കേറ്റിംഗ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടി. 2011 മുതൽ നാഷണൽ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. 2018 ൽ ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടി. 2019 ൽ ജൂനിയർ വേ‌‌ൾഡ് ചാമ്പ്യൻഷിപ്പിൽ സ്വർണവും നേടി. പിതാവ് നൽകുന്ന പരിശീലനത്തിന് പുറമേ ലോക ചാമ്പ്യൻഷിപ്പിനായി ഇറ്റലിയിലും പരിശീലനത്തിന് പോകാറുണ്ട് . പന്ത്രണ്ട് വർഷം ലോക ചാമ്പ്യനായ ലുക്ക ഡി അലിസേര ആണ് ഇറ്റലിയിൽ പരിശീലിപ്പിക്കുന്നത്. ഒരു മണിക്കൂർ പരിശീലനത്തിന് 9000 രൂപയോളം ചെലവ് വരും. ഇങ്ങനെ നാല് മണിക്കൂർ ആണ് പരിശീലനം. ഇപ്പോൾ ഒരുകോടിയിലേറെ രൂപ പരിശീലനത്തിന് മാത്രമായി ചെലവായിട്ടുണ്ടെന്ന് ബിജുരാജ് പറഞ്ഞു.

ബിജുരാജിന്റെ ഭാര്യ എസ്.എസ്.സുജയും റോളർ സ്കേറ്റിംഗ് പരിശീലകയാണ്. അഭിജിത്തിനെ പഠിപ്പിക്കാൻ തുടങ്ങിയപ്പോഴാണ് സുജയും സ്കേറ്റിംഗ് പരിശീലിക്കുന്നത്.

ഇരുവരും ചേർന്ന് നാഷണൽ സ്പോർട്സ് വില്ലേജ് എന്ന പേരിൽ റോളർ സ്കേറ്റിംഗ് പരിശീലനവും തുടങ്ങി. ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലേക്കുള്ള സാദ്ധ്യതാ പട്ടികയിലും ഇത്തവണ അഭിജിത് അമൽരാജുണ്ട്. ആലുവ എം.ഇ.എസ് കോളേജിൽ ബി കോം രണ്ടാംവർഷ വിദ്യാർത്ഥിയാണ്..

Advertisement
Advertisement