ബിജെപിയുടെ അജണ്ടയിൽ ക്രിസ്‌ത്യൻ പുരോഹിതർ വീഴരുത്, സർക്കാർ സഹായം വാങ്ങി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം തുറക്കില്ലെന്ന് പറയുന്നത് യുക്തിരഹിതമെന്ന് സെബാസ്‌റ്റ്യൻ പോൾ

Saturday 01 October 2022 1:00 PM IST

കൊച്ചി: ഗാന്ധിജയന്തി ദിനമായ ഞായറാഴ്‌ച സ്‌കൂളിൽ ലഹരിവിരുദ്ധ ക്യാമ്പെയിൻ നടത്തുന്നതിനെ എതിർത്ത കെസിബിസിയുടെ നിലപാടിനെ വിമർശിച്ച് മുൻ എം.പി സെബാസ്‌റ്റ്യൻ പോൾ. കത്തോലിക്കാ സഭയും മെത്രാന്മാരും സ്വീകരിച്ചത് അങ്ങേയറ്റം യുക്തിരഹിതമായ നിലപാടാണെന്ന് ഒരു സ്വകാര്യ ന്യൂസ്‌ചാനലിനോട് അദ്ദേഹം പ്രതികരിച്ചു.

'പൂർണമായും സർക്കാരിന്റെ എയിഡും ഗ്രാന്റും സ്വീകരിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ഈ വിദ്യാലയങ്ങൾ ഒരു പൊതു ആവശ്യത്തിന‌ുവേണ്ടി തുറക്കില്ല തുറന്നുകൊടുക്കില്ല എന്ന് പറയുന്നതിൽ അഭംഗിയുണ്ട്. ബിജെപിയുടെ കേരളത്തിലെ ടാർഗറ്റ് കേരളത്തിലെ ക്രിസ്‌ത്യാനികളാണ്. ആ ക്രിസ്‌ത്യാനികളെ ഇടതുപക്ഷത്തുനിന്നും കോൺഗ്രസിൽ നിന്നും അടർത്തിമാറ്റുമ്പോഴാണ് അവർക്ക് ഗ്യാപ്പുണ്ടാക്കാൻ കഴിയുന്നത്. അത്തരം അജണ്ടയിൽ കാര്യവിവരമുള‌ള പുരോഹിതർ അകപ്പെടാൻ പാടില്ല.' സെബാസ്‌റ്റ്യൻ പോൾ പറഞ്ഞു.

ഒക്‌ടോബർ രണ്ട് ഞായറാഴ്‌ച വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് സർക്കാർ ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുകയാണ്. എന്നാൽ ഞായറാഴ്‌ച വിശ്വാസ സംബന്ധമായ ആചാരാനുഷ്‌ഠാനങ്ങൾ പാലിക്കണമെന്നും വിശ്വാസ പരിശീലന പരിപാടികൾ നടക്കുന്നുണ്ടെന്നും അറിയിച്ചാണ് കേരള കാത്തോലിക് ബിഷ‌പ്‌സ് കൗൺസിൽ സർക്കാർ തീരുമാനം മറ്റൊരു ദിവസം നടപ്പാക്കുമെന്ന് അറിയിച്ചത്.