ബസിൽ കയറിയവരെ അസഭ്യം പറഞ്ഞ് ഇറക്കിവിട്ടു; ഒരു ചുക്കും ചെയ്യാനാവില്ലെന്നും യാത്രക്കാരോട് വിളിച്ചുപറഞ്ഞ് കെഎസ്‌ആർ‌ടി‌സി വനിതാ കണ്ടക്‌ടർ

Saturday 01 October 2022 4:02 PM IST

തിരുവനന്തപുരം: പാർക്ക് ചെയ്‌തിരുന്ന ബസിൽ കയറിയ യാത്രക്കാരുടെ നേരെ തട്ടിക്കയറി അസഭ്യവർഷം നടത്തി കെഎസ്‌ആർടിസി വനിതാ കണ്ടക്‌ടർ. തിരുവനന്തപുരം ചിറയിൻകീഴാണ് സംഭവം. ബസിലിരുന്ന യാത്രക്കാരോട് കടുത്ത അസഭ്യം പറഞ്ഞ ശേഷം കണ്ടക്‌ടർ അവരോട് ഇറങ്ങിപ്പോകാനും ആവശ്യപ്പെട്ടു. തനിക്ക് കഴിക്കാനിരിക്കാനുള‌ള സീറ്റാണെന്ന് പറഞ്ഞ് വനിതാ യാത്രക്കാരോടാണ് ആറ്റിങ്ങൽ ഡിപ്പോയിലെ കണ്ടക്‌ടറായ ഇവർ ദേഷ്യപ്പെട്ടത്. യാത്രക്കാർ മാറാത്തതിനെ തുടർന്ന് ഇവരോട് മോശം ഭാഷയിൽ സംസാരിക്കുകയായിരുന്നു.

ബസിൽ നിന്നിറങ്ങിയ യാത്രക്കാർ ഇവരുമായി തർക്കിച്ചതോടെ എന്ത് വേണമെങ്കിലും ചെയ്യാനും തന്നെ ഒരു ചുക്കും ചെയ്യാനാവില്ലെന്നും കണ്ടക്‌ടർ വിളിച്ചുപറഞ്ഞു. യാത്രക്കാരിലൊരാൾ സംഭവം പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഉച്ചയൂണിന്റെ സമയത്താണ് സംഭവമുണ്ടായത്.

കാട്ടാക്കട കെഎസ്‌ആർടിസി സ്‌റ്റാന്റിൽ മകളുടെ കൺസഷൻ പുതുക്കാനെത്തിയ പിതാവിനെ ജീവനക്കാർ വളഞ്ഞിട്ട് മർദ്ദിച്ച സംഭവത്തിന് പിന്നാലെയുണ്ടായ ഇന്നത്തെ സംഭവം വലിയ വിമർശനമാണ് ഉണ്ടാകുന്നത്. കാട്ടാക്കട സംഭവത്തിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമം നടത്തിയെങ്കിലും കോടതി ജാമ്യം തള്ളിയിരുന്നു.ഇന്നലെ രാത്രി വൈകി പ്രതികൾ കാട്ടാക്കട ഡിവൈ.എസ്.പിയ്ക്ക് മുന്നിൽ ഹാജരാകുമെന്ന് അഭ്യൂഹം ഉണ്ടായെങ്കിലും ആരും കീഴടങ്ങാൻ എത്തിയിരുന്നില്ല.ഇനിയുള്ള ദിവസങ്ങളിൽ കോടതി അവധിയായതിനാലാകാം ജാമ്യം നിഷേധിക്കുമെന്ന് കണ്ട് കീഴടങ്ങാൻ എത്താതിരുന്നതെന്നും പറയപ്പെടുന്നു.

പ്രതികൾക്ക് കോടതി ജാമ്യം നിഷേധിച്ചതോടെ പൊലീസും ഷാഡോടീമും മറ്റുള്ള പ്രതികൾക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.സംഭവത്തെ തുടർന്ന് ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്,കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്.ആർ.സുരേഷ് കുമാർ,കണ്ടക്ടർ എൻ.അനിൽകുമാർ,അസിസ്റ്റന്റ് സി.പി. മിലൻ ഡോറിച്ച് എന്നിവരെ സസ്‌പെന്റ് ചെയ്തിരുന്നു .ഈ ജീവനക്കാർക്കെതിരെ 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കർശന നടപടി സ്വീകരിക്കുവാൻ കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജുപ്രഭാകർ നിർദ്ദേശം നൽകിയിരിക്കുകയാണ്.

Advertisement
Advertisement