ജി.എസ്.ടി സമാഹരണം: കേരളത്തിന് 27% വളർച്ച

Sunday 02 October 2022 3:58 AM IST

കൊച്ചി: ജി.എസ്.ടി സമാഹരണത്തിൽ മികവ് തുടർന്ന് കേരളം. സെപ്‌തംബറിൽ ജി.എസ്.ടിയായി കേരളം നേടിയത് 27 ശതമാനം വളർച്ചയോടെ 2,246 കോടി രൂപയാണ്. 2021 സെപ്തംബറിൽ 1,764 കോടി രൂപയായിരുന്നു. ആഗസ്‌റ്റിൽ 26 ശതമാനം വളർച്ചയോടെ 2,036 കോടി രൂപയും ജൂലായിൽ 29 ശതമാനം നേട്ടത്തോടെ 2,161 കോടി രൂപയും കേരളം നേടിയിരുന്നു.

29 ശതമാനം വളർച്ചയോടെ 21,403 കോടി രൂപ സമാഹരിച്ച് കഴിഞ്ഞമാസവും മഹാരാഷ്‌ട്ര ഒന്നാമതെത്തി. കർണാടക 9,760 കോടി രൂപയുമായി രണ്ടാമതാണ്; വളർച്ച 25 ശതമാനം. 16 ശതമാനം വളർന്ന് 9,020 കോടി രൂപയുമായി ഗുജറാത്ത് മൂന്നാമതും പത്ത് ശതമാനം നേട്ടത്തോടെ 8,637 കോടി രൂപ നേടി തമിഴ്നാട് നാലാമതുമാണ്.

ദേശീയ സമാഹരണം

₹1.47 ലക്ഷം കോടി

കഴിഞ്ഞമാസം ദേശീയതലത്തിൽ ജി.എസ്.ടിയായി സമാഹരിച്ചത് 1.47 ലക്ഷം കോടി രൂപ. 2021 സെപ്തംബറിലെ 1.17 ലക്ഷം കോടി രൂപയേക്കാൾ 26 ശതമാനം അധികമാണിത്.

കഴിഞ്ഞമാസത്തെ സമാഹരണത്തിൽ 25,​271 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും 31,​813 കോടി രൂപ സംസ്ഥാന ജി.എസ്.ടിയുമാണ്. സംയോജിത ജി.എസ്.ടിയായി (ഐ.ജി.എസ്.ടി)​ 80,​464 കോടി രൂപ നേടി. സെസ് ഇനത്തിൽ 10,​137 കോടി രൂപയും ലഭിച്ചു.

7

തുടർച്ചയായ ഏഴാംമാസമാണ് ജി.എസ്.ടി സമാഹരണം 1.4 ലക്ഷം കോടി രൂപ കവിഞ്ഞത്. ഏപ്രിലിൽ സമാഹരിച്ച 1.67 ലക്ഷം കോടി രൂപയാണ് റെക്കാഡ്.

കഴിഞ്ഞ ഏഴുമാസത്തെ സമാഹരണം ഇങ്ങനെ:

(തുക ലക്ഷം കോടിയിൽ)​

 മാ‌ർച്ച് : ₹1.42

 ഏപ്രിൽ : 1.67

 മേയ് : ₹1.40

 ജൂൺ : ₹1.44

 ജൂലായ് : ₹1.48

 ആഗസ്‌റ്റ് : ₹1.43

 സെപ്തംബർ : ₹1.47

7.7 കോടി ഇ-വേ ബിൽ

ആഗസ്‌റ്റിലെ ഇടപാടുകളുടെ ജി.എസ്.ടി സമാഹരണമാണ് സെപ്തംബറിൽ നടന്നത്. ആഗസ്‌റ്റിൽ ഇടപാടുകൾക്കായി 7.7 ഇ-വേ ബില്ലുകൾ ജനറേറ്റ് ചെയ്യപ്പെട്ടു. ജൂലായിൽ 7.5 കോടിയായിരുന്നു. ജൂണിൽ 7.45 കോടി.

 സെപ്തംബർ 30ന് മാത്രം 1.1 കോടി ഇ-വേ ബില്ലുകളും ഇ-ഇൻവോയിസുകളും ജനറേറ്റ് ചെയ്യപ്പെട്ടു; ഇത് റെക്കാഡാണ്.

 സെപ്തംബർ 20ന് മാത്രം 49,​453 കോടി രൂപ ജി.എസ്.ടിയായി സമാഹരിച്ചു; ഇത് രണ്ടാമത്തെ വലിയ ഏകദിന സമാഹരണമാണ്. 2022 ജൂലായ് 20ലെ 57,​846 കോടി രൂപയാണ് റെക്കാഡ്.