ഹൈക്കോടതി ഇടപെടൽ ഫലിച്ചു, പിങ്ക് പൊലീസ് അപമാനിച്ച എട്ട് വയസുകാരിയ്ക്ക് സർക്കാർ പണം കൈമാറി

Saturday 01 October 2022 7:20 PM IST

തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ട് വയസുകാരിയ്ക്ക് സർക്കാർ നഷ്ടപരിഹാര തുക കൈമാറി. ഹൈക്കോടതി നിർദേശപ്രകാരം 1,75,000 രൂപ സർക്കാർ കുട്ടിയുടെയും റൂറൽ എസ് പിയുടെയും അക്കൗണ്ടിലേയ്ക്ക് നിക്ഷേപിച്ചു. പെൺകുട്ടിയോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥയെ ക്രമസമാധാന ചുമതലകളിൽ നിന്ന് മാറ്റിനിർത്താനും കുട്ടിയ്ക്ക് നഷ്ടപരിഹാര തുക നൽകാനും ആയിരുന്നു കോടതിയുടെ നിർദേശം. കൂടാതെ കോടതി നടപടികളുടെ ചെലവിനത്തിൽ 25,000 രൂപ കെട്ടിവെയ്യ്ക്കാനും കോടതി അറിയിച്ചു. കൈമാറിയ നഷ്ടപരിഹാര തുക കുട്ടിയ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥയിൽ നിന്നും സർക്കാർ ഈടാക്കും.

കഴിഞ്ഞ ഓഗസ്റ്റ് 27ന് തോന്നയ്ക്കലിൽ വെച്ച് വനിത പൊലീസ് ഉദ്യോഗസ്ഥയായ രജിത കുട്ടിയെ പൊതുസ്ഥലത്ത് വെച്ച് മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കുകയായിരുന്നു. ഐ എസ് ആർ ഒയുടെ റോക്കറ്റ് ഭാഗങ്ങൾ കൊണ്ട് പോകുന്നത് കാണാൻ അച്ഛനോടൊപ്പം റോഡിന് സമീപം നിന്ന കുട്ടിയെ പൊലീസ് വാഹനത്തിൽ നിന്നും തന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചു എന്ന് ആരോപിച്ച് രജിത നടുറോഡിൽ കുറ്റവിചാരണ നടത്തുകയായിരുന്നു. കാണാതായ മൊബൈൽ ഫോൺ പൊലീസ് വാഹനത്തിൽ നിന്ന് തന്നെ കണ്ടെത്തിയെങ്കിലും നിരപരാധിയായ കുട്ടിയോട് ക്ഷമാപണം നടത്താൻ പോലും പൊലീസ് ഉദ്യോഗസ്ഥ തയ്യാറായിരുന്നില്ല. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ പരസ്യവിചാരണയ്ക്കിടയിൽ ഭയന്ന് കരയുന്ന കുട്ടിയുടെ ദൃശ്യങ്ങൾ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യ്തതോടെ വിവാദമായി മാറി. തുടർന്ന് വിഷയത്തിൽ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. എന്നാൽ ഉദ്യോഗസ്ഥയ്ക്കെതിരായ നടപടി സ്ഥലം മാറ്റത്തിലും 15 ദിവസത്തെ നല്ലനടപ്പ് പരിശീലനത്തിലും മാത്രമൊതുങ്ങിയതിനെ തുടർന്ന് കുട്ടിയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നഷ്ടപരിഹാരത്തുകയായി ഒന്നര ലക്ഷം രൂപ കൈമാറാൻ ഹൈക്കോടതി നിർദേശിച്ചത്.

Advertisement
Advertisement