ഖാർഗെയ്ക്ക് പിന്തുണയെന്ന് രമേശ് ചെന്നിത്തല

Sunday 02 October 2022 12:58 AM IST

തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ മല്ലികാർജുന ഖാർഗെയ്ക്ക് പൂർണ്ണ പിന്തുണയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സീനിയറായ നേതാക്കളിലൊരാളാണ് ഖാർഗെ. അദ്ദേഹത്തിന്റെ അനുഭവസമ്പത്തും നേതൃപാടവവും കോൺഗ്രസിന് മുതൽക്കൂട്ടാവും. അദ്ദേഹത്തിന്റെ നോമിനേഷൻ സീനിയർ നേതാക്കളെല്ലാവരും ആലോചിച്ചെടുത്ത തീരുമാനമാണെന്നാണ് മനസിലാക്കുന്നത്. രാജ്യത്തിന് ഇന്നാവശ്യം പരിണിതപ്രജ്ഞനായ കോൺഗ്രസ് നേതാവിനെയാണ്. ഖാർഗെയെ പിന്തുണയ്ക്കണമെന്നാണ് സഹപ്രവർത്തകരോട് പറയാനുള്ളത്. കെ.പി.സി.സിയുടെ നിലപാട് പറയേണ്ടത് കെ.പി.സി.സി പ്രസിഡന്റാണ്. എന്റേത് വ്യക്തിപരമായ അഭിപ്രായമാണ് ചെന്നിത്തല പറഞ്ഞു. ദളിത് നേതാവായ കോൺഗ്രസ് പ്രസിഡന്റുണ്ടാകേണ്ടത് ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തിൽ അനിവാര്യമാണ്. ശശി തരൂർ നല്ല സുഹൃത്താണ്. അദ്ദേഹത്തിന് മത്സരിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്. സോണിയ ഗാന്ധി തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയെയും പിന്തുണച്ചിട്ടില്ല. മറിച്ചുള്ള വാർത്തകൾ ശരിയല്ല. ശിവശങ്കറിനെ സർവീസിൽ തുടരാനനുവദിക്കുന്നത് തെറ്റാണ്. അദ്ദേഹത്തെ ഉടനടി സസ്‌പെൻഡ് ചെയ്യണം. മുഖ്യമന്ത്രി ഒരിക്കലും ശിവശങ്കരന്റെ പേരിൽ നടപടിയെടുക്കില്ല. മുഖ്യമന്ത്രിക്ക് പലതും മറയ്ക്കാനും ഒളിക്കാനുമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.