ലാൽ സലാം; കോടിയേരി ബാലകൃഷ്ണന് വിട, ഭൗതികദേഹം ഇന്ന്  തലശേരിയിലെത്തിക്കും , സംസ്കാരം നാളെ 3 മണിക്ക് പയ്യാമ്പലത്ത്

Saturday 01 October 2022 11:47 PM IST

ചെന്നൈ / തിരുവനന്തപുരം : സി.പി. എമ്മിൽ നേതാവിന്റെ കരുത്തിനും കാർക്കശ്യത്തിനും ഒപ്പം സൗമ്യതയും കൈമുതലാക്കി പാർട്ടിയുടെ ജനകീയമുഖമായി ഉയർന്ന മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവും മുൻ ആഭ്യന്തര,​ ടൂറിസം മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. 68 വയസായിരുന്നു. അർബുദത്തിന് ചികിത്സയിലായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ഇന്നലെ രാത്രി എട്ടിനായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് എയർ ആംബുലൻസിൽ കണ്ണൂർ വിമാനത്താവളത്തിലെത്തിച്ചശേഷം തലശേരിയിലേക്ക് കൊണ്ടുപോകും.

തുടർന്ന് തലശേരി ടൗൺ ഹാളിൽ പൊതുദർശനം. രാത്രിയോടെ കോടിയേരിയിലെ മാടപ്പീടികയിലെ വസതിയിലെത്തിക്കും. തിങ്കളാഴ്ച രാവിലെ പത്തുവരെ അവിടെ പൊതുദർശനം. 11 മണി മുതൽ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം.

സംസ്‌കാരം വൈകിട്ട് മൂന്നിന് പയ്യാമ്പലത്ത് നടത്തും.

മാഹി, തലശേരി, ധർമ്മടം, കണ്ണൂർ മണ്ഡലങ്ങളിൽ ആദരസൂചകമായി തിങ്കളാഴ്ച ഹർത്താൽ ആചരിക്കും.

മരണസമയത്ത് ഭാര്യ എസ്.ആർ. വിനോദിനിയും മക്കളായ ബിനോയിയും ബിനീഷും അടുത്തുണ്ടായിരുന്നു.കണ്ണൂരിലെ കല്ലറ തലായി എൽ.പി സ്കൂൾ റിട്ടയേഡ് അദ്ധ്യാപകൻ പരേതനായ കോടിയേരി മൊട്ടമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും പരേതയായ നാരായണിയമ്മയുടെയും മകനായി 1953 നവംബർ 13നാണ് ജനനം.

ഒരു മാസം മുമ്പാണ് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്നലെ ഉച്ചയോടെ അതീവഗുരുതരമായി വെന്റിലേറ്ററിലായി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രാത്രിയോടെ ആശുപത്രിയിലെത്തിയിരുന്നു. ഇന്നലെ രാത്രി വിദേശയാത്രയ്ക്ക് പുറപ്പെടാനിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും അത് റദ്ദാക്കിയിരുന്നു. സി.പി.എം സംസ്ഥാനത്തെ ഇന്നത്തെ എല്ലാ പാർട്ടി പരിപാടികളും റദ്ദാക്കി.

ആരോഗ്യനില മോശമായതിനാൽ ആഗസ്റ്റ് 29നാണ് സംസ്ഥാനസെക്രട്ടറി പദം ഒഴിഞ്ഞ് പകരം എം.വി. ഗോവിന്ദനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. തൊട്ടടുത്ത ദിവസം തന്നെ കോടിയേരിയെ എയർ ആംബുലൻസിൽ അപ്പോളോ ആശുപത്രിയിൽ എത്തിച്ചു.

കൊച്ചിയിൽ കഴിഞ്ഞ മാർച്ചിൽ ചേർന്ന സംസ്ഥാന സമ്മേളനത്തിലാണ് തുടർച്ചയായ മൂന്നാം തവണയും സി.പി.എം സംസ്ഥാന സെക്രട്ടറിയായത്.

അതിന് മുമ്പ് ആരോഗ്യകാരണങ്ങളാൽ ഒരു വർഷത്തോളം സെക്രട്ടറിസ്ഥാനത്ത് നിന്ന് അവധിയെടുത്തിരുന്നു. അന്ന് കേന്ദ്രകമ്മിറ്റിയംഗവും ഇപ്പോൾ പോളിറ്റ്ബ്യൂറോ അംഗവുമായ എ. വിജയരാഘവനാണ് താൽക്കാലിക ചുമതല നൽകിയത്. സി.പി.എം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ജില്ലാസമ്മേളനങ്ങളിലേക്ക് കടക്കവേ 2021 നവംബറിലാണ് സെക്രട്ടറി പദം വീണ്ടും ഏറ്റെടുത്തത്.

അടിയന്തരാവസ്ഥക്കാലത്ത് പതിനാറ് മാസം ജയിൽവാസം അനുഭവിച്ചു.

54ാം വയസ്സിൽ പോളിറ്റ്ബ്യൂറോ അംഗമായി. 1982, 87, 2001, 2006, 2011 വർഷങ്ങളിലായി കാൽനൂറ്റാണ്ടോളം നിയമസഭയിൽ തലശ്ശേരിയെ പ്രതിനിധീകരിച്ചു. 2006ലും 11ലും പ്രതിപക്ഷ ഉപനേതാവായി. 2006ലെ വി.എസ് മന്ത്രിസഭയിൽ ആഭ്യന്തരം, ടൂറിസം മന്ത്രിയായി.

2015ൽ സി.പി.എമ്മിന്റെ ആലപ്പുഴ സമ്മേളനത്തിലാണ് പിണറായി വിജയന്റെ പിൻഗാമിയായി സംസ്ഥാനസെക്രട്ടറിയാവുന്നത്. 2018ൽ തൃശൂർ സമ്മേളനത്തിൽ വച്ച് വീണ്ടും സെക്രട്ടറിയായി. ഭാര്യ വിനോദിനി തലശേരി മുൻ എം.എൽ.എ പരേതനായ എം.വി. രാജഗോപാലന്റെ മകളാണ്

Advertisement
Advertisement