പ്രിയ സഖാവിനെ ഒരുനോക്ക് കാണാൻ ജനപ്രവാഹം, കണ്ണീരോടെ കണ്ണൂർ

Sunday 02 October 2022 3:49 PM IST

കണ്ണൂർ: പ്രവർത്തകരുടെ ഹൃദയത്തിൽ നിന്നും പുറത്തുവന്ന ഉച്ചത്തിലുള‌ള മുദ്രാവാക്യങ്ങളുടെ അകമ്പടിയിൽ തലശേരിയുടെ പ്രിയ സഖാവിന്റെ മൃതദേഹം തലശേരി ടൗൺ ഹാളിലെത്തിച്ചു. കോടിയേരി ബാലകൃഷ്‌ണന്റെ ഭൗതികശരീരം കണ്ണൂർ വിമാനത്താവളത്തിൽ നിന്നും തലശേരിയിലേക്ക് പ്രത്യേകം സജ്ജീകരിച്ച ആംബുലൻസിൽ എത്തിച്ചപ്പോൾ സമൂഹത്തിന്റെ നാനാതുറകളിൽപെട്ട പതിനായിരങ്ങളാണ് വഴിയരികിൽ കാത്തുനിന്ന് അന്തിമോപചാരം അർപ്പിച്ചത്.

തലശേരി ടൗൺ ഹാളിലെത്തിച്ചപ്പോൾ ഹാളിനുമുന്നിൽ മുൻ ആഭ്യന്തര മന്ത്രി കൂടിയായ കോടിയേരിയ്‌ക്ക് പൊലീസ് ആദരമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മുതിർന്ന നേതാക്കളും ടൗൺഹാളിൽ വച്ച് കോടിയേരിയുടെ ശരീരത്തിൽ പാർട്ടി പതാക പുതപ്പിച്ചു. പാ‌ർട്ടിയിലെ മുതിർന്ന നേതാക്കളും സാധാരണക്കാരുമടക്കം അദ്ദേഹത്തിന് പുഷ്‌പചക്രം സമർപ്പിച്ച് അഭിവാദ്യമർപ്പിച്ചു. സ്‌റ്റുഡന്റ്‌സ് പൊലീസ് കേഡറ്റും കോടിയേരിയ്‌ക്ക് അന്തിമോപചാരം അർപ്പിച്ചു.

പ്രിയ സഖാവിനെ അവസാനമായി ഒരു നോക്ക് കാണാൻ വൻ ജനപ്രവാഹമുണ്ടായി. കോടിയേരിയുടെ ഭാര്യ വിനോദിനി അദ്ദേഹത്തിന്റെ മൃതദേഹത്തെ പുണർന്ന് പൊട്ടിക്കരഞ്ഞു. അദ്ദേഹത്തിന് അന്തിമോപചാരമർപ്പിക്കുന്നതിനിടെ വിനോദിനി മോഹാലസ്യപ്പെട്ട് വീണു. മുഖ്യമന്ത്രിയടക്കം മുതിർന്ന നേതാക്കളും വിനോദിനിയെ ആശ്വസിപ്പിച്ചു.