കാപ്പാട് കടപ്പുറത്ത് 'ഹൃദയാർദ്രം' ഈ ഒത്തുകൂടൽ 

Monday 03 October 2022 12:10 AM IST
ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഹൃദയാർദ്രം ഫൗണ്ടേഷൻ കടലോരം സീസൺ 4 പരിപാടിയുടെ ഭാഗമായി കാപ്പാട് ബീച്ചിൽ നടത്തിയ സംഗമം.

കോഴിക്കോട്: കടലുകണ്ടപ്പോൾ സന്തോഷം. കടലിലിറങ്ങാൻ മനസ് കൊതിച്ചെങ്കിലും പറ്റില്ലെന്ന ബോദ്ധ്യം പിന്നോട്ടുവലിച്ചു. പക്ഷെ കൂടെയുള്ളവർ അവരെ വീൽചെയറിൽ തിരമാലകളിലേക്കിറക്കി നിർത്തി. തിരയങ്ങനെ കാലിലേക്ക് അടിച്ച് കയറിയപ്പോൾ മനസിനുള്ളിലേക്ക് തിരമാലകളുടെ കുളിർ. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹൃദയാർദ്രം ഫൗണ്ടേഷന്റെ കടലോരം സീസൺ 4 പരിപാടിയുടെ ഭാഗമായി കാപ്പാട് ബീച്ചിലായിരുന്നു സംഗമം. വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ മാത്രം ഒതുങ്ങിക്കൂടുന്ന മനുഷ്യർ കൊട്ടും പാട്ടും പറച്ചിലുമായി ആഘോഷപൂർവം കാപ്പാട് കടപ്പുറത്ത് ഒത്തുകൂടിയത് വേറിട്ട അനുഭവമായി. രാവിലെ 10 മണി മുതൽ വൈകുന്നേരം വരെ നടന്ന പ്രോഗ്രാമിൽ ബാൻഡ് മൊസീക്യു ടീം പരിപാടി അവതരിപ്പിച്ചു. ഹൃദയാർദ്രം വോളണ്ടിയേഴ്സ് അടക്കം 100 ലധികം പേർ പങ്കെടുത്ത പ്രോഗ്രാം കൊടുവള്ളി മുനിസിപ്പൽ ചെയർമാൻ വെള്ളർ അബ്ദു ഫ്‌ളാഗ് ഒഫ് ചെയ്തു. ബീച്ച് മാനേജർ സജിത്ത്, ഇ.എസ്.എ.എഫ് ബാങ്ക് പ്രതിനിധി സബിൻ, ഹൃദയാർദ്രം ചെയർമാൻ ഡോ.അനസ് വി.കെ, ഫസൽ കൊടുവള്ളി തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement