ജോലിക്ക് കുറവൊന്നുമില്ല, വേതനമോ- 300 രൂപ !

Monday 03 October 2022 12:03 AM IST

കഴകം ജീവനക്കാരെ ദേവസ്വം ബോർഡ് അവഗണിക്കുന്നു

പത്തനംതിട്ട: പുലർച്ചെ നാല് മുതലുള്ള ജോലി. കഴിയുമ്പോൾ രാത്രിയാകും. ദിവസവേതനമോ- 300 രൂപ ! 'പകരക്കാർ' എന്ന പേരിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് കഴകം തസ്തികയിലുള്ള താത്കാലിക ജീവനക്കാരുടെ സ്ഥിതിയാണിത്. ക്ഷേത്രം പുലർച്ചെ തുറക്കുന്നിനുമുമ്പേ തുടങ്ങി രാത്രി അടച്ചശേഷം വൃത്തിയാക്കുന്നതു വരെയാണ് ജോലി. കൊച്ചിൻ ദേവസ്വം ബോർഡിൽ കഴകം പകരക്കാർക്ക് 525 രൂപയാണ് ദിവസ വേതനം. കൊച്ചിൻ ദേവസ്വം ബോർഡിനെക്കാൾ വരുമാനം കൂടുതലുള്ള മേജർ ക്ഷേത്രങ്ങൾ തിരുവിതാംകൂറിലുണ്ടെങ്കിലും വേതനം 300 രൂപമാത്രം. 15 വർഷമായി ജോലിചെയ്യുന്നവർ ഉൾപ്പെടെ ഇരുനൂറോളം പേരാണ് ഇൗ തസ്തികയിലുള്ളത്. അഞ്ച് വർഷം മുൻപ് വരെ 250രൂപയായിരുന്ന ദിവസ വേതനം പ്രയാർ ഗോപാലകൃഷ്ണൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നപ്പോഴാണ് 300രൂപയാക്കിയത്.

കഴകം ജോലിക്കാർ ചെയ്യേണ്ടത്

  • നടകളിൽ വിളക്ക് തെളിക്കൽ
  • ശ്രീകോവിലിലേക്ക് പൂക്കൾ, മാല തുടങ്ങിയവ എത്തിക്കൽ
  • പൂജാ പാത്രങ്ങളും നാലമ്പലവും വൃത്തിയാക്കൽ.
  • ക്ഷേത്രം അടച്ച ശേഷം ശുചീകരിക്കൽ

നിർബന്ധിത ജോലി

  • രാത്രി കാവൽ ഡ്യൂട്ടി
  • വഴിപാട് രജിസ്റ്റർ എഴുതൽ
  • പ്രസാദ നിർമ്മാണം
  • ക്ഷേത്രത്തിലേക്ക് സാധനങ്ങൾ വാങ്ങൽ
  • ക്ഷേത്രം വഞ്ചികൾ കൈകാര്യം ചെയ്യൽ

കഴകം ജോലിക്കാരുടെ പരാതി ലഭിച്ചിട്ടില്ല. ഇൗ തസ്തികയിൽ സ്ഥിരം നിയമനത്തിന് റിക്രൂട്ട്മെന്റ് ബോർഡിനെ ചുമതലപ്പെടുത്തും.

കെ.അനന്തഗോപൻ, ദേവസ്വം ബോർഡ് പ്രസിഡന്റ്.