'ദൃശ്യം' മോഡൽ കൊല,​ ബിന്ദുമോനെ കൊന്നത് മറ്റ് രണ്ട് പേരെന്ന് അറസ്റ്റിലായ പ്രതി

Sunday 02 October 2022 11:36 PM IST

ഭീഷണിക്കു വഴങ്ങി മൃതദേഹം കുഴിച്ചിടാൻ കൂട്ടുനിന്നു

 കൂട്ടുപ്രതികൾ കോയമ്പത്തൂരിൽ കസ്റ്റഡിയിൽ ?

ചങ്ങനാശേരി: 'ദൃശ്യം' മോഡൽ കൊലയിൽ, ബി.ജെ.പി പ്രാദേശിക നേതാവ് ആലപ്പുഴ സ്വദേശി ബിന്ദുമോനെ (46) കൊന്നത് താനല്ലെന്നും ഒപ്പമുണ്ടായിരുന്ന രണ്ടു പേരാണെന്നും അറസ്റ്റിലായ പ്രതി ആലപ്പുഴ പാതിരപ്പള്ളി സ്വദേശിമുത്തുകുമാറിന്റെ മൊഴി കേസ് സങ്കീർണമാക്കുന്നു.

വീട്ടിൽ സംഘംചേർന്ന് മദ്യപിക്കുമ്പോൾ ഫോൺ വന്നതിനെത്തുടർന്ന് താൻ മുറ്റത്തിറങ്ങിയ സമയത്തായിരുന്നു കൊല. തന്നെ അവർ ഭീഷണിപ്പെടുത്തിയതോടെയാണ് അയൽവീട്ടിൽ നിന്ന് തൂമ്പയും കമ്പിപ്പാരയും വാങ്ങി മൃതദേഹം അടുക്കളയ്ക്ക് പിന്നിലെ ഷെഡിൽ കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്തതെന്നും മുത്തുകുമാർ പറഞ്ഞു.

അതേസമയം, കൃത്യത്തിൽ പങ്കാളികളായ കോട്ടയം,​ വാകത്താനം സ്വദേശികളായ ബിബിൻ,​ ബിനോയ് എന്നിവർ കോയമ്പത്തൂരിൽ കസ്റ്റഡിയിലായെന്ന് സൂചനയുണ്ട്. ബിന്ദുമോന് ക്രൂരമായ മർദ്ദനമേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. വാരിയെല്ല് തകർന്നു. ശരീരത്തിലാകെ ക്ഷതങ്ങളുണ്ട്.

കൊലയുടെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല. മുൻവൈരാഗ്യം മൂലമുള്ള ക്വട്ടേഷനാണോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സ്ത്രീവിഷയമാണെന്ന അഭ്യൂഹങ്ങൾ പൊലീസ് സ്ഥിരീകരിക്കുന്നില്ല.

ആലപ്പുഴ നോർത്ത് സി.ഐ എം.കെ.രാജേഷിന്റെ നേതൃത്വത്തിൽ കലവൂർ മണ്ണഞ്ചേരി ഐ.ടി.സി കോളനിയിൽ നിന്നാണ് മുത്തുകുമാറിനെ പിടികൂടിയത്. അവിടെയുള്ള സഹോദരിയെ വിളിച്ചതായി മൊബൈൽ ലൊക്കേഷനിൽ കണ്ടെത്തി. സഹോദരിയെക്കൊണ്ട് വിളിപ്പിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്‌തത്. ചങ്ങനാശേരി പൊലീസിന് കൈമാറിയ പ്രതിയെ കൊല നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു.

പ്രതിയുടെ മൊഴി

ബിബിൻ,​ ബിനോയ് എന്നിവരോടൊപ്പം മദ്യപിക്കാനായി ബിന്ദുമോനെ 26ന് വൈകിട്ടോടെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തി. രണ്ട് താറാവ് കറിയും ചപ്പാത്തിയും വാങ്ങി ഒപ്പം കഴിച്ചു. ഇതിനിടെ ഫോൺ വന്നപ്പോൾ താൻ മുറ്റത്തേക്കിറങ്ങി. തിരികെ വന്നപ്പോൾ ഇരുവരുടേയും മർദ്ദനമേറ്റ് ബിന്ദുമോൻ മരിച്ചു കിടക്കുന്നതാണ് കണ്ടത്. തുടർന്ന് അവർ തന്നെ ഭീഷണപ്പെടുത്തി. ബിന്ദുമോന്റെ ബൈക്ക് വാകത്താനത്തെ തോട്ടിൽ ഒളിപ്പിച്ചതും അവരാണ്.

വിശ്വസിക്കാതെ പൊലീസ്

പൊലീസ് ഈ മൊഴി പൂർണമായും വിശ്വസിച്ചിട്ടില്ല. സംഭവദിവസം മക്കളെ മുത്തുകുമാർ സഹോദരിയുടെ വീട്ടിലാക്കിയതിനാൽ കരുതിക്കൂട്ടിയുള്ള കൊലയാണെന്ന് സംശയിക്കുന്നു. ബിബിനും ബിനോയിയും കഞ്ചാവ് കേസിലടക്കം പ്രതികളാണ്.

''പ്രതി പരസ്പരവിരുദ്ധമായ മൊഴിയാണ് നൽകുന്നത്. മറ്റ് രണ്ടുപേർക്കൊപ്പം ചോദ്യം ചെയ്താലേ വ്യക്തത വരൂ.

-സി.ജി.സുനിൽകുമാർ,

ഡിവൈ.എസ്.പി, ചങ്ങനാശേരി

Advertisement
Advertisement