ഐക്യം വിളക്കിയ കോടിയേരിക്കാലം

Monday 03 October 2022 12:03 AM IST

സംഘർഷഭരിതമായിരുന്നു 2015ൽ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിലേക്ക് നീങ്ങുമ്പോൾ സി.പി.എമ്മിലെ അന്തരീക്ഷം. മൂന്ന് ടേം പൂർത്തിയാക്കി പിണറായി വിജയൻ സംസ്ഥാന സെക്രട്ടറി പദമൊഴിയാൻ തയാറെടുക്കുന്നു. സമ്മേളനത്തിന് തൊട്ടുമുമ്പായി പിണറായി നടത്തിയ അസാധാരണ വാർത്താസമ്മേളനം മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദനുള്ള കുറ്റപത്രമായി. സമ്മേളന ചർച്ചയുടെ അജൻഡ അവിടെ കുറിക്കപ്പെട്ടു. പ്രതിനിധി ചർച്ചയുടെ ആദ്യം തൊട്ടേ ആക്രമണശരങ്ങളേറ്റു വാങ്ങിയ വി.എസ് ഏവരെയും ഞെട്ടിച്ച് സമ്മേളനവേദിയിൽ നിന്നിറങ്ങിപ്പോയി. . സംഘടനാചട്ടക്കൂടിനെ പരസ്യമായി ലംഘിച്ച്, നേരേ തിരുവനന്തപുരത്തെ പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് .

പിണറായിയുടെ പകരക്കാരനായി സെക്രട്ടറി പദത്തിലേക്ക് അവരോധിക്കപ്പെട്ട കോടിയേരിയുടെ

നയ ചാതുരി, വിഭാഗീയതയുടെ അസ്വസ്ഥജനകമായ അന്തരീക്ഷത്തിൽ നിന്ന് സമാധാനന്തരീക്ഷത്തിലേക്ക്

പാർട്ടിയെ മടക്കിക്കൊണ്ടു വരുന്നതിൽ വിജയം കണ്ടു. സി.പി.എമ്മിൽ ഒരു പിളർപ്പിന്റെ പോലും ആശങ്ക ഉയർന്നിരുന്നതാണ്.പിണങ്ങിയിറങ്ങിപ്പോയ വി.എസ്. അച്യുതാനന്ദന്റെ അച്ചടക്കലംഘനം പാർട്ടി പൊറുത്തു. കോടിയേരി പിറ്റേന്ന് രാവിലെ ആരെയുമറിയിക്കാതെ ആദ്യം പോയിക്കണ്ടത് വി.എസിനെയാണ്. കോടിയേരിയുടെ സ്നേഹം എല്ലാ കാലവും വി.എസിനെയും സ്വാധീനിച്ചിട്ടുണ്ടെന്നതിന് ഉദാഹരണം, 2008ലെ കോയമ്പത്തൂർ പാർട്ടി കോൺഗ്രസാണ് .പി.ബിയിലേക്ക് കോടിയേരി ഉയർത്തപ്പെട്ടത് വി.എസിന്റെ കൂടി പിന്തുണയോടെ.

കോടിയേരി സെക്രട്ടറി ചുമതലയേറ്റതിന്റെ തൊട്ടടുത്ത വർഷമാണ് ഇടതുമുന്നണി കേരളത്തിൽ വീണ്ടും അധികാരത്തിലെത്തിയത്. പിണറായി വിജയൻ മുഖ്യമന്ത്രിയായി. പാർട്ടിയും ഭരണവും ഒരേ വഴിക്ക്. ഇടതു മുന്നണിയിലും കോടിയേരി നയചാതുരിയുടെ വക്താവായി. തോമസ് ചാണ്ടിയുടെ മന്ത്രിസഭയിൽ നിന്നുള്ള രാജി വിഷയത്തിൽ, സി.പി.ഐ മന്ത്രിമാരുടെ മന്ത്രിസഭാ ബഹിഷ്കരണമുണ്ടാക്കിയ പുകിൽ ചെറുതായിരുന്നില്ല. തന്മയത്വത്തോടെയാണ് കോടിയേരി അത് കൈകാര്യം ചെയ്തത്.അവർക്ക് കൊടുക്കാനുള്ള മറുപടി കൃത്യമായി കൊടുത്തു. അതോടൊപ്പം,പിണക്കാതെ സി.പി.ഐയെ വരുതിയിലെത്തിച്ചു.

. 2009ൽ സീറ്റ് തർക്കത്തിൽ മുന്നണി വിട്ടുപോയ എം.പി. വീരേന്ദ്രകുമാറിന്റെ ദൾ വിഭാഗത്തെ തിരിച്ച് ഇടതുപാളയത്തിലെത്തിച്ചതിലും,. മുന്നണിക്ക് പുറത്ത് നിന്ന ഐ.എൻ.എൽ പോലുള്ള കക്ഷികളെ മുന്നണിക്കകത്തേക്ക് പ്രവേശിപ്പിച്ചതിലും കൊടിയേരിയുടെ പങ്ക് വലുതാണ്. 2021ലെ തിരഞ്ഞെടുപ്പിന് മുമ്പായി കെ.എം. മാണിയുടെ പാർട്ടിയെ മുന്നണിയിലെത്തിച്ചു. മാണിയുടെ നിര്യാണത്തിന് ശേഷം ജോസഫും ജോസ് കെ.മാണിയും നേതൃത്വം നൽകുന്ന വിഭാഗങ്ങൾ പരസ്പരം പോരടിക്കുന്ന കലുഷിതമായ അന്തരീക്ഷമായിരുന്നു.മദ്ധ്യതിരുവിതാംകൂറിൽ മാണി വിഭാഗത്തിനുള്ള സ്വാധീനം ചെറുതല്ലെന്ന് സി.പി.എമ്മിനറിയാം.. മാണിഗ്രൂപ്പിനെ പിളർത്തിയാൽ കോട്ടയത്ത് അപ്രമാദിത്വമുണ്ടാക്കാമെന്ന കണക്കുകൂട്ടലിൽ കോൺഗ്രസ് ആ തർക്കങ്ങളെ പ്രോത്സാഹിപ്പിച്ചു.എന്നാൽ, ജോസ്- ജോസഫ് പോരിൽ നിന്ന് ജോസിനെ അടർത്തി ഇടത് പാളയത്തിലേക്കെത്തിച്ചുള്ള പ്രായോഗിക രാഷ്ട്രീയ ബുദ്ധി കോടിയേരിയുടേത് കൂടിയായിരുന്നു. എതിർപ്പുകളുയർത്തിയ സി.പി.ഐയെ തന്ത്രപരമായി ഒതുക്കിയെടുത്തതും കോടിയേരി തന്നെ.

. 'സി.പി.എമ്മിനെയും ഇടതുമുന്നണിയെയും പുതിയ രാഷ്ട്രീയ സ്വീകാര്യതയുടെ തലങ്ങളിലേക്കെത്തിച്ചു' കോടിയേരിക്ക് ആദരമർപ്പിച്ച് സി.പി.എം സെക്രട്ടേറിയറ്റ് ഇന്നലെ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്.

ചരിത്രത്തിലാദ്യമായി തുടർഭരണം എൽ.ഡി.എഫിനെ തേടിയെത്തിയതിന് പിന്നിലും ഇതേ സ്വീകാര്യതയാണ്.

.

Advertisement
Advertisement