ഇനിയും എത്ര കടിയേൽക്കണം വന്ധ്യംകരണ കേന്ദ്രത്തിന് സ്ഥലമില്ല

Monday 03 October 2022 12:10 AM IST

മലപ്പുറം: പുറത്തിറങ്ങിയാൽ ഏത് സമയത്തും തെരുവുനായയുടെ കടിയേൽക്കാമെന്ന സ്ഥിതിയാണ്. നായകൾ പെറ്റുപെരുകിയതോടെ വന്ധ്യംകരണമെന്ന ആവശ്യവും ശക്തം. എന്നാൽ ഇതിനുള്ള എ.ബി.സി (ആനിമൽ ബർത്ത് കൺട്രോൾ) കേന്ദ്രത്തിന് സ്ഥലം വിട്ടുകൊടുക്കാൻ ആരും തയ്യാറല്ല. രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾക്ക് ഒരു എ.ബി.സി കേന്ദ്രം അടിയന്തരമായി തുടങ്ങണമെന്ന് സംസ്ഥാന സർക്കാരിന്റെ ഉത്തരവുണ്ട്. സെപ്തംബർ 25നകം സ്ഥലം കണ്ടെത്തി നൽകാൻ ജില്ലാ ഭരണകൂടം ബ്ലോക്ക് പഞ്ചായത്തുകൾക്ക് നിർദ്ദേശവുമേകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും കളക്ടറുടെയും നേതൃത്വത്തിൽ തദ്ദേശഭരണ സമിതികളുടെ പ്രത്യേക യോഗം വിളിച്ച് നടപടികൾ വേഗത്തിലാക്കാനും തീരുമാനിച്ചു. എന്നാൽ തദ്ദേശഭരണ സമിതികൾ കൈമലർത്തിയതോടെ എവിടെയും എ.ബി.സി കേന്ദ്രത്തിനുള്ള സ്ഥലം കണ്ടെത്താനായിട്ടില്ല.

എന്തൊക്കെ കടമ്പകൾ

സ്ഥലം കണ്ടെത്തിയ ശേഷം കെട്ടിടം നിർമ്മിച്ച് ഓപ്പറേഷൻ തിയേറ്റർ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. വെറ്ററിനറി ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണം. സ്ഥലം ലഭ്യമായാൽ മറ്റ് നടപടികൾ വേഗത്തിലാക്കാൻ വിവിധ വകുപ്പുകൾക്ക് സർക്കാർ നിർദ്ദേശമേകിയിട്ടുണ്ട്. എന്നാൽ ജില്ലയുടെ കാര്യത്തിൽ സ്ഥലം കണ്ടെത്തുന്നത് തന്നെ വെല്ലുവിളിയാണ്. ചില ബ്ലോക്ക് പഞ്ചായത്തുകൾ സ്ഥലങ്ങൾ കണ്ടുവച്ചെങ്കിലും ജനവാസ പ്രദേശങ്ങളിൽ വന്ധ്യംകരണ കേന്ദ്രങ്ങൾ തുടങ്ങിയാലുള്ള പ്രതിഷേധം മുന്നിൽ കണ്ട് പിൻവാങ്ങി. സെന്ററിന്റെ നടത്തിപ്പ് ഭാവിയിൽ പൊല്ലാപ്പാവുമോയെന്ന ആശങ്കയിൽ കാഴ്ചക്കാരായി നിൽക്കുന്നവരുമുണ്ട്. കൈവശമുള്ള ഭൂമി മറ്റ് പല പദ്ധതികൾക്കായി നീക്കിവച്ചതിനാൽ കൈമാറാൻ പറ്റില്ലെന്നാണ് മിക്ക ഗ്രാമപഞ്ചായത്തുകളുടെയും നിലപാട്. മൃഗാശുപത്രികൾക്ക് കീഴിലെ സ്ഥലങ്ങൾ പ്രയോജനപ്പെടുത്താൻ പറ്റുമോയെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് പരിശോധിച്ചെങ്കിലും അനുയോജ്യമായ സ്ഥലം കണ്ടെത്താനായില്ല. മിക്കയിടങ്ങളിലും തിരക്കേറിയ പ്രദേശങ്ങളോട് ചേർന്നാണ് മൃഗാശുപത്രികളുള്ളത്. സ്വകാര്യ ഭൂമി പാട്ടത്തിനെടുക്കാൻ ആലോചിച്ചെങ്കിലും ഇതും നടന്നില്ല.

വാക്സിനേഷൻ പതിനായിരത്തിലേക്ക്

പേവിഷ ബാധയെ പ്രതിരോധിക്കാൻ വളർത്തുമൃഗങ്ങൾക്കും തെരുവുനായകൾക്കും വാക്‌സിൻ നൽകുന്ന പ്രവൃത്തി ജില്ലയിൽ പുരോഗമിക്കുകയാണ്. 481 ക്യാമ്പുകളിലായി 6,568 വളർത്തു നായകൾക്കും 3,210 പൂച്ചകൾക്കും വാക്സിൻ നൽകി. നിലമ്പൂ‌ർ മുനിസിപ്പാലിറ്റി, തേഞ്ഞിപ്പലം, എടവണ്ണ, വാഴക്കാട് പഞ്ചായത്തുകളിലായി 89 തെരുവുനായകൾക്ക് വാക്സിൻ നൽകിയിട്ടുണ്ട്.

വന്ധ്യംകരണ കേന്ദ്രത്തിന് സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങൾ ഊ‌ർജ്ജിതമാണ്.

ഡോ.പി.യു. അബ്ദുൾ അസീസ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ

Advertisement
Advertisement