തെങ്ങും തേങ്ങയും ചതിച്ചു!

Monday 03 October 2022 2:51 AM IST

കൊല്ലം: നാളികേര വിലയിടിവിൽ നട്ടംതിരിഞ്ഞ് കേരകർഷകർ. അഞ്ചുമാസം മുമ്പ് ഒരു നാടൻ തേങ്ങയ്ക്ക് 25 രൂപ വരെ വില ലഭിച്ചിരുന്നിടത്ത് ഇപ്പോൾ ലഭിക്കുന്നത് 18 രൂപയാണ്.

വർദ്ധിച്ച ഉത്പാദന ചെലവും കാലാവസ്ഥാ മാറ്റത്തെ തുടർന്ന് അടിക്കടിയുള്ള രോഗങ്ങളുമാണ് കേരകൃഷിയെ ആദായകരമല്ലാതാക്കിയത്. തമിഴ്നാട്ടിൽ നിന്ന് വരുന്ന തേങ്ങയുടെ വിലക്കുറവും നാടൻ തേങ്ങയെ പ്രതികൂലമായി ബാധിച്ചു.

സമീപകാലത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇപ്പോൾ കൊപ്രായ്ക്ക് ലഭിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ കിലോയ്ക്ക് 96 രൂപയായിരുന്ന കൊപ്രാ വില ഇപ്പോൾ 80 രൂപയിലേയ്ക്ക് ഇടിഞ്ഞു.

കേരഫെഡ് മുഖേനയുള്ള കൊപ്രാ സംഭരണം കാര്യക്ഷമമല്ലാത്തതിനാൽ കർഷകർക്ക് മികച്ച വില ലഭിക്കുന്നുമില്ല. നാളികേര കൃഷി വൻതോതിൽ നടന്നുവന്നിരുന്ന ജില്ലയിൽ ഓരോ വർഷം കഴിയുന്തോറും കുറഞ്ഞുവരികയാണ്.

ഉത്പാദന ചെലവ് പിന്നോട്ടടിച്ചു

 വളം, തൊഴിൽ കൂലി വർദ്ധന ചെലവ് ഉയർത്തി

 ഉല്പാദന ചെലവ് ഓരോ വർഷവും ഉയരുന്നു

 ഇതിനനുസരിച്ച് വരുമാനം ലഭിക്കുന്നില്ല

 കാലാവസ്ഥാ വ്യതിയാനം തിരിച്ചടി

 രോഗങ്ങളും ചെല്ലി ആക്രമണവും വർദ്ധിച്ചു

 തെങ്ങുകയറ്റ തൊഴിലാളികളെ കിട്ടാനില്ല

കേരം തിങ്ങാൻ കേരഗ്രാമം

 ജില്ലയിലെ 11 കൃഷിഭവനുകളിലായി നടപ്പാക്കുന്നത് 7 കേരഗ്രാമം പദ്ധതി

 250 ഹെക്ടർ കൃഷി ഭൂമി ഉൾപ്പെടുന്നതാണ് ഒരു കേരഗ്രാമം

 ഈ വർഷം 9 ഗ്രാമപഞ്ചായത്തുകളിൽ കൂടി പദ്ധതി ആരംഭിക്കും

 കൃഷി ഭവനിലൂടെ വിതരണം ചെയ്യുന്നത് 80,000 തൈകൾ

ജില്ലയിൽ തെങ്ങ് കൃഷി

1996ൽ - 76,000 ഹെക്ടർ

2022ൽ - 45,473 ഹെക്ടർ

പുതിയ പദ്ധതികൾ നടപ്പാക്കുമ്പോഴും ഉത്പാദന ചെലവിന് അനുസരിച്ച് വരുമാനം ലഭിക്കുന്നില്ല. കർഷകർക്ക് കൂടുതൽ സഹായം നൽകി കേരകൃഷി പ്രോത്സാഹിപ്പിക്കണം.

മൺറോത്തുരുത്ത് രഘു

കേര കർഷകൻ

ഗാന്ധി ഫൗണ്ടേഷൻ സംസ്ഥാന ജന. സെക്രട്ടറി

Advertisement
Advertisement